News

വിദ്യാഭ്യാസം കച്ചവടവൽക്കരിക്കരുത്, ബജറ്റ് വിഹിതം വർധിപ്പിക്കണം; ജനാധിപത്യ പ്രതിഷേധങ്ങളെ പിന്തുണച്ച് മോഹൻ ഭാഗവത്

മുംബൈ: ജനാധിപത്യത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം രാജ്യവിരുദ്ധമല്ലെന്നും അത് ജനാധിപത്യപരമായ സംവാദത്തിന്റെ സ്വാഭാവികമായ ഒരു മാർഗമാണെന്നും ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് വ്യക്തമാക്കി. പുതിയ തലമുറ മുൻപത്തെക്കാൾ ഏറെ സത്യസന്ധരാണെന്നും, തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തപ്പോൾ ശബ്ദമുയർത്തുന്ന അവരുടെ നിലപാടുകൾ ന്യായമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുംബൈയിലെ നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ നടന്ന ഐഐഎംയുഎൻ 15-ാം വാർഷിക ചാമ്പ്യൻഷിപ്പ് കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിൽ ‘ജെൻ സി’, ‘ജനറേഷൻ ആൽഫ’ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖല കച്ചവടവൽക്കരിക്കപ്പെടരുതെന്നും ബജറ്റിൽ വിദ്യാഭ്യാസത്തിനായി കൂടുതൽ തുക വകയിരുത്തണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. വിദ്യാഭ്യാസം സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഓർമ്മിപ്പിച്ചു.

ജനാധിപത്യത്തിൽ അഭിപ്രായ വ്യത്യാസങ്ങളും ആശങ്കകളും ഉന്നയിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും, അത്തരം പ്രതിഷേധങ്ങൾ വിഭജനമുണ്ടാക്കാനല്ല, മറിച്ച് എല്ലാവരെയും ഉൾക്കൊള്ളുന്ന ഏകാഭിപ്രായം രൂപപ്പെടുത്താനായിരിക്കണം ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക വിഷയങ്ങളിൽ ആർഎസ്എസിന്റെ നിലപാട് വ്യക്തമാക്കി സംസാരിച്ച അദ്ദേഹം, സമൂഹത്തിൽ വിവേചനവും അടിച്ചമർത്തലും നിലനിൽക്കുന്നിടത്തോളം കാലം സംവരണം തുടരുമെന്ന് ഉറപ്പിച്ചു പറഞ്ഞു.

കൂടാതെ LGBTQIA+ വിഭാഗങ്ങൾ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവർക്ക് അർഹമായ പരിഗണന നൽകണമെന്നും അദ്ദേഹം നിരീക്ഷിച്ചു. വിദേശനയത്തെക്കുറിച്ച് സംസാരിക്കവെ പാകിസ്ഥാനോടും ചൈനയോടും സ്ഥിരമായ വൈര്യം പുലർത്തേണ്ടതില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ ഭീകരവാദത്തിനെതിരെ കർശന നിലപാട് വേണമെന്നും ഇന്ത്യയുടെ ലക്ഷ്യം മറ്റു രാജ്യങ്ങളെ കീഴടക്കലല്ലെന്നും ഓർമ്മിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button