‘എട്ടുകാലി മമ്മൂഞ്ഞാകരുത്’; വി.ഡി. സതീശനോട് പി. രാജീവിന്റെ വിമർശനം

കൊച്ചി: കേരളത്തിൽ കപ്പൽ നിർമ്മാണ ശാല പദ്ധതിയിൽ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ടാറ്റ തള്ളിക്കളഞ്ഞതിൽ വിമർശനവുമായി മുൻ വ്യവസായ മന്ത്രി പി. രാജീവ്. മുഖ്യമന്ത്രിയുടെ പ്രസ്താവന പരസ്യമായി തള്ളിപ്പറയേണ്ടി വരുന്ന സാഹചര്യം ടാറ്റയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കുമെന്ന് പി. രാജീവ് പറഞ്ഞു. ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി ഒരു മുഖ്യമന്ത്രിക്കുണ്ടാകണമെന്ന് രാജീവ് പരിഹസിച്ചു. കേരളത്തിന്റെ വിശ്വാസ്യതയാണ് ഇതിലൂടെ നഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുതെന്നും രാജീവ് പറഞ്ഞു. മലബാർ സിമന്റ്സും ടാറ്റ പ്രൊജക്‌ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്‌സൺ എൻജിനിയറിംഗ് ലിമിറ്റഡും ചേർന്ന് കൊച്ചിൻ പോർട്ടിൽ കപ്പൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചതാണെന്ന് രാജീവ് ചൂണ്ടിക്കാട്ടി. 2025ലെ ഇൻവെസ്റ്റ് കേരളയിൽ പദ്ധതി അവതരിപ്പിച്ചിരുന്നു.
ഇപ്പോൾ മിഷൻ സമുദ്രയിലെ പദ്ധതിയായി മുഖ്യമന്ത്രി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഫിക്ഷൻ വായിക്കുന്ന ആളായതുകൊണ്ട് ഭാവനയിൽ കാണുന്ന കാര്യം യാഥാർത്ഥ്യമായി അവതരിപ്പിച്ചാൽ കേരളത്തിന്റെ സാദ്ധ്യത പോകും. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഒരാൾ സംസാരിക്കുമ്പോൾ ആധികാരികമായിരിക്കണം, ഇത്തരം പ്രസ്താവനകളിലൂടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യതയല്ല നഷ്ടപ്പെടുന്നത് കേരളത്തിന്റേതാണെന്നും രാജീവ് കൂട്ടിച്ചേർത്തു.




