News
സുരേഷ് ഗോപിക്കെതിരെ വ്യത്യസ്ത പ്രതിഷേധം; പുലിമുഖവുമായി എൽഡിഎഫ് കൗൺസിലർമാർ

തൃശ്ശൂർ: കഴിഞ്ഞ പുലിക്കളിക്ക് കേന്ദ്ര ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭ്യമാകാത്തതിൽ തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ വേറിട്ട പ്രതിഷേധവുമായി ഇടതുപക്ഷ കൗൺസിലർമാർ. പുലിയുടെ മുഖം മൂടി ധരിച്ചെത്തിയാണ് ഇവർ പ്രതിഷേധം രേഖപ്പെടുത്തിയത്. കേന്ദ്ര ധനസഹായം വൈകുന്നതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ കടുത്ത വാദപ്രതിവാദങ്ങളും യോഗത്തിൽ നടന്നു.
പുലിക്കളിയിൽ പങ്കെടുത്ത ഓരോ സംഘത്തിനും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രഖ്യാപനം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ഈ ഫണ്ട് ഇതുവരെ ലഭിക്കാത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് എൽഡിഎഫ് കൗൺസിലർമാർ യോഗത്തിൽ ആവശ്യപ്പെട്ടു. തൃശൂരിന്റെ സാംസ്കാരിക പൈതൃകത്തെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.




