പി.എസ്.സി ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യം! സുപ്രീം കോടതി ഇടപെടണം; രാഷ്ട്രപതിക്ക് കത്തയക്കാൻ ഗവർണർ!

തിരുവനന്തപുരം: കേരളത്തിലെ പി.എസ്.സി ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയം വീണ്ടും കേന്ദ്ര സർക്കാരിന്റെ മുന്നിലെത്തിക്കാൻ ഗവർണർ ഓം പ്രകാശ് മാഥൂർ. മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നൽകിയ ശുപാർശയിന്മേൽ അടിയന്തിര തുടർനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം രാഷ്ട്രപതിക്ക് വീണ്ടും കത്തയക്കുന്നത്. സംസ്ഥാന പി.എസ്.സി ബോർഡ് പിരിച്ചുവിടണമെന്ന ശക്തമായ ആവശ്യത്തിനൊപ്പം വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ ഉറപ്പാക്കാൻ രാഷ്ട്രപതി നിർദ്ദേശം നൽകണമെന്നും ഗവർണർ കത്തിലൂടെ ആവശ്യപ്പെടും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം രാജ്ഭവനിലെത്തി ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നിർണ്ണായക നീക്കം.
പി.എസ്.സി അഴിമതിയുമായി ബന്ധപ്പെട്ട് കർശന നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി നേതാക്കൾ ഗവർണറോട് ഔദ്യോഗികമായി ആവശ്യപ്പെടുകയായിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെയും യുവാക്കളെയും മാറിമാറി ഭരിക്കുന്ന എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ ഒരുപോലെ വഞ്ചിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചു. പി.എസ്.സിയിൽ തുടർച്ചയായി പുറത്തുവരുന്ന ക്രമക്കേടുകൾ ഭരണഘടന സ്ഥാപനത്തിന്റെ വിശ്വാസ്യത തകർത്തുവെന്നും ഇതിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിനൊപ്പം ശക്തമായ നടപടിയും അനിവാര്യമാണെന്നും ബി.ജെ.പി നേതൃത്വം ചൂണ്ടിക്കാട്ടി.
അതേസമയം, കേസിലെ അന്വേഷണം വരുംദിവസങ്ങളിൽ കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ പ്രതി ചേർക്കപ്പെട്ട പി.എസ്.സി അഡീഷണൽ സെക്രട്ടറി ആർ. ഹരി നിലവിൽ ഒളിവിലാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യാനുള്ള നടപടികൾ കുറ്റാന്വേഷണ സംഘം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. നിലവിൽ ഒരാൾ മാത്രമാണ് കേസിൽ അറസ്റ്റിലായിട്ടുള്ളതെങ്കിലും കൂടുതൽ ഉന്നത ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് വിവരങ്ങൾ.



