
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്ക്കേണ്ടതെന്ന് മഞ്ജു വാര്യര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇതിന് പിന്നാലെ നടിക്കെതിരെ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണമാണ് നടക്കുന്നത്.
‘നമ്മുടെ യുവതലമുറയ്ക്ക് അവരുടെ ചോദ്യങ്ങള്‍ ചോദിക്കാനും, ആശങ്കകള്‍ പങ്കുവെക്കാനും, സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ട്. ഇന്ത്യയിലെവിടെയായാലും പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ചേ പറ്റൂ. നമ്മുടെ വിദ്യാഭ്യാസ പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടണം. മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും എന്നും മുന്‍ഗണന ലഭിക്കണം. നമ്മുടെ മക്കള്‍ക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടത്. അവരുടെ ഭാവി സുരക്ഷിതമാകട്ടെ. അവരുടെ സ്വപ്നങ്ങള്‍ സംരക്ഷിക്കപ്പെടട്ടെ’- മഞ്ജു വാര്യര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
അതേ സമയം മഞ്ജുവിന് നേരെ സൈബര്‍ ആക്രമണവും ശക്തമാക്കുന്നു ,’കേരളത്തില്‍ കുറേ psc വിദ്യാര്‍ഥികള്‍ മണ്ണ് വാരി തന്നപ്പോള്‍ വായില്‍ പഴം ആയിരുന്നോ’, ‘വിദ്യാര്‍ത്ഥികള്‍ എന്ന ലേബലില്‍ ദില്ലിയില്‍ ഒത്തു കൂടിയിട്ടുള്ളത് അക്രമകാരികളും മൂന്നാംകിട രാഷ്ട്രീയ ഗുണ്ടകളുമാണ്. ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സര്‍ക്കാരിനറിയാം. യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ ഇതിനകത്ത് പെട്ട് അവരുടെ ഭാവി അവതാളത്തിലാകാതിരിക്കാന്‍ ശ്രദ്ധിക്കുക’, ‘ഫണ്ട് ഇപ്പോള്‍ ആണോ ക്രെഡിറ്റ് ആയത്’, ‘പരീക്ഷയില്‍ ക്രമക്കേട് വന്നത് ഏത് സംസ്ഥാനത്താണ് ?അത് പുറത്ത് അറിയിച്ചത് ആരാണ് ?പരീക്ഷ വീണ്ടും നടന്നു അതൊന്നും ചേച്ചിക്ക് അറിയില്ലായിരിക്കുമല്ലേ’, ‘ചേച്ചി ചേച്ചിടെ വിഷയത്തില്‍ ചേച്ചിക്ക് മാനുഷിക പരിഗണന ലഭിച്ചിരുന്നോ. ചേച്ചിടെ മകള്‍ക്ക് ചേച്ചിയെ ഭയം ആണെന്നാണല്ലോ കേട്ടുകേള്‍വി’, ‘രാജ്യത്തെ ഒറ്റുകൊടുക്കാന്‍ കൂട്ട് നിന്നതിന് തീവ്രവാദികള്‍ എത്ര തന്നു’,’കേരളത്തിലെ പിഎസ്സി റാങ്ക് ഹോള്ഡേഴ്സിനുവേണ്ടിയാണ് വാര്യര്‍ ഈ പോസ്റ്റ് ഇട്ടതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. തല മറന്ന് എണ്ണ തേച്ചാല്‍ നിനക്കും അവന്റെ ഗതി വരും’-എന്നിങ്ങനെ പോകുന്നു സൈബര്‍ ആക്രമണം.




