മക്കളെ ലക്ഷ്യമിട്ട സൈബർ ആക്രമണം; രൂക്ഷ പ്രതികരണവുമായി ഖുശ്ബു

തന്റെ മക്കളെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ബോഡി ഷെയ്മിംഗിനും അധിക്ഷേപങ്ങൾക്കും ഇരയാക്കുന്നവർക്കെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. കുറഞ്ഞ പൈസയ്ക്കും വിലകുറഞ്ഞ പ്രശസ്തിക്കും വേണ്ടി യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയകളിലും തന്റെ കുടുംബത്തെ അനാദരിക്കുന്നവരുടെ മാനസികാവസ്ഥ സംസ്കാരശൂന്യതയും വളർത്തുദോഷവുമാണെന്ന് ഖുശ്ബു എക്സ് അക്കൗണ്ടിൽ കുറിച്ചു. സെലിബ്രിറ്റികളുടെ മക്കളെന്ന ഒരു ആനുകൂല്യവും കൈപ്പറ്റാതെ കഠിനാധ്വാനത്തിലൂടെയാണ് തന്റെ മക്കൾ വളർന്നതെന്നും അവരെക്കുറിച്ച് തനിക്ക് അങ്ങേയറ്റം അഭിമാനമുണ്ടെന്നും താരം വ്യക്തമാക്കി.
സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണമെന്നും ഒരമ്മയോടും കളിക്കാൻ നിൽക്കരുതെന്നും ഖുശ്ബു സൈബർ ആക്രമണകാരികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. ഇതിനിടെ, ഖുശ്ബുവിനും കുടുംബത്തിനും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ നടി രാധിക ശരത്കുമാറും രംഗത്തെത്തിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ മറ്റുള്ളവരെ വ്യക്തിപരമായി ഉപദ്രവിക്കാനുള്ള ലൈസൻസല്ലെന്നും, ഒരു വ്യക്തിയുടെ മക്കളെ പരിഹസിക്കുന്നത് ഭീരുത്വമാണെന്നും ഖുശ്ബുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രാധിക കുറിച്ചു.
ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സിയുടെയും മക്കളായ അവന്തികയും ആനന്ദിതയും മുൻപും പലതവണ രൂപത്തിന്റെ പേരിൽ കടുത്ത സൈബർ അധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ട്. ഇൻസ്റ്റാഗ്രാം തുറക്കുമ്പോൾ ആളുകൾ തന്നെ ‘ട്രാൻസ്പേഴ്സൺ’ എന്ന് വിളിച്ച് അധിക്ഷേപിക്കാറുണ്ടെന്ന് അടുത്തിടെ ആനന്ദിത ഒരു പോഡ്കാസ്റ്റിൽ തുറന്നുപറഞ്ഞിരുന്നു.
എന്നാൽ ട്രാൻസ്ജെൻഡർ വ്യക്തികൾ വളരെ മനോഹരമായ സ്വത്വമുള്ളവരാണെന്നും അതിനെ ഒരു തെറിയോ പരിഹാസമോ ആയി ഉപയോഗിക്കുന്നത് അറിവില്ലായ്മയാണെന്നും ആനന്ദിത മറുപടി നൽകിയിരുന്നു. അടുത്തിടെ ‘ഡബിൾ ഒക്യുപ്പൻസി’ എന്ന ചിത്രത്തിലൂടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായി അരങ്ങേറ്റം കുറിച്ച ആനന്ദിത, മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ശ്രാവൺ ശ്രീനിവാസനെയാണ് വിവാഹം കഴിച്ചത്.




