സെമിത്തേരിയിലെ മൃതദേഹം കണ്ടെത്തൽ വിവാദം അവസാനിച്ചു; നമ്പർ മാറ്റമാണ് ആശയക്കുഴപ്പത്തിന് കാരണമെന്ന് പൊലീസ്

കണ്ണൂർ: ഇരിട്ടി വാണിയപ്പാറ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ പായയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. സെമിത്തേരി നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കല്ലറകളുടെ നമ്പറിംഗിൽ വന്ന മാറ്റമാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
റൊട്ടേഷൻ ക്രമപ്രകാരം ഏഴ് ദിവസം മുമ്പ് 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ക്രിസ്ത്യൻ ആചാരപ്രകാരം സാധാരണയായി പായയിൽ പൊതിഞ്ഞ് മൃതദേഹം സംസ്കരിക്കാത്തതിനാൽ സംഭവം വലിയ സംശയങ്ങൾക്ക് വഴിവെച്ചിരുന്നു.
തുടർന്ന് പള്ളിയിൽ സൂക്ഷിച്ചിരുന്ന മരണ രജിസ്റ്റർ പരിശോധിച്ചെങ്കിലും മൃതദേഹം ആരുടേതാണെന്ന് ആദ്യം കണ്ടെത്താനായില്ല. എന്നാൽ 2015ൽ ഇതേ കല്ലറയിൽ സംസ്കരിച്ചയാളുടെ ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞതോടെ ദുരൂഹത നീങ്ങി.
2006ലും 2015ലും ഈ കല്ലറയിൽ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. 2015ൽ രക്തം ഛർദിച്ച് മരിച്ച ഒരാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പായയോടെ സംസ്കരിച്ചിരുന്നുവെന്നും അതുസംബന്ധിച്ച ചിത്രങ്ങൾ പൊലീസിന് ലഭിച്ചതായും അധികൃതർ അറിയിച്ചു.
സംഭവത്തിൽ അസ്വാഭാവികതയോ ദുരൂഹതയോ ഇല്ലെന്നും, രേഖകളിലെ പൊരുത്തക്കേടും കല്ലറ നമ്പർ മാറ്റവും മാത്രമാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നും പൊലീസ് വ്യക്തമാക്കി.




