സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ചേർത്തത് സോപ്പുപൊടി

പാട്‌ന: സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായ 36 വിദ്യാർത്ഥികൾ ആശുപത്രിയിൽ. ബീഹാറിലെ സർക്കാർ സ്‌കൂളിൽ ഇന്നലെയായിരുന്നു സംഭവം. തലകറക്കം, ഛർദ്ദിൽ എന്നിവ അനുഭവപ്പെട്ടതോടെയാണ് വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നളന്ദ ജില്ലയിലെ പരാസിയിലുള്ള സ്‌കൂളിലാണ് സംഭവമുണ്ടായത്. സ്‌കൂളിലെ പാചകക്കാരൻ ഉപ്പ് എന്ന് തെറ്റിദ്ധരിച്ച് ഭക്ഷണത്തിൽ സോപ്പുപൊടി ഇടുകയായിരുന്നു. ദേഹാസ്വാസ്ഥ്യമുണ്ടായ കുട്ടികളെ ബീഹാർഷരീഫ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു.സോയബീൻ ഉൾപ്പെടുന്ന ഉച്ചഭക്ഷണം ഒരു എൻജിഒ ആണ് വിതരണം ചെയ്യുന്നതെന്ന് പ്രിൻസിപ്പാൾ ശൈലേന്ദ്ര കുമാർ സിംഗ് പറഞ്ഞു.
ചില കുട്ടികൾ ഭക്ഷണം നേരത്തെതന്നെ കഴിച്ചു. എന്നാൽ ചിലർ ഭക്ഷണത്തിൽ ഉപ്പ് കുറവാണെന്ന് പരാതിപ്പെട്ടു. തുടർന്ന് പാചകക്കാരൻ ഉപ്പെന്ന് കരുതി സോപ്പുപൊടി ഭക്ഷണത്തിൽ ചേർക്കുകയായിരുന്നു. ഉപ്പും സോപ്പുപൊടിയും അടുക്കളയിൽ ഒരേ സ്ഥലത്ത് സൂക്ഷിച്ചിരുന്നതാണ് അബദ്ധത്തിന് കാരണമായതെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി.അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് സ്‌കൂളിൽതന്നെ വിദ്യാർത്ഥികൾക്ക്
ഫസ്റ്റ് എയ്‌ഡ് നൽകിയെങ്കിലും ഫലമുണ്ടാകാത്തതിനെത്തുടർന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. സിവിൽ സർജൻ ഡോ.ജയ് പ്രകാശ് സിംഗ് ആശുപത്രി സന്ദർശിക്കുകയും കുട്ടികൾ അപകടനില തരണം ചെയ്തതായി അറിയിക്കുകയും ചെയ്തു. ബീഹാർ ഗ്രാമവികസന മന്ത്രി ശ്രാവൺ കുമാറും ആശുപത്രിയിലെത്തി വിദ്യാർത്ഥികളെ കണ്ടു. കുട്ടികളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്‌ടർമാരുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു




