മിനി കൂപ്പർ അപകടക്കേസ്: 36 ദിവസത്തെ ജയിൽവാസത്തിന് ശേഷം സുഹൈൽ സജീവ് പുറത്ത്!

കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവ് ഇന്ന് പുറത്തിറങ്ങും. 36 ദിവസത്തിനുശേഷമാണ് സുഹൈൽ ബോസ്റ്റൽ സ്‌കൂളിൽ നിന്ന് പുറത്തിറങ്ങുന്നത്. കേസിലെ മറ്റ് മൂന്ന് പ്രതികൾക്ക് കോടതി പത്തുദിവസം മുൻപ് ജാമ്യം അനുവദിച്ചിരുന്നു. അപകടസമയം കാറിലുണ്ടായിരുന്ന നിനവ്, അമീർ ഷാ, ടി ജോയൽ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
ഇവർക്കെതിരെ മറ്റ് ഗുരുതരമായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചായിരുന്നു ഉത്തരവ്.മുഖ്യപ്രതിയായ സുഹൈലിനെ 10 ദിവസത്തിനുശേഷമേ മോചിപ്പിക്കൂവെന്ന് ഹൈക്കോടതി അന്ന് വ്യക്തമാക്കിയിരുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ ആവശ്യത്തെ തുടർന്നായിരുന്നു തീരുമാനം. അമിതവേഗതയിലും മദ്യപിച്ചും വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്നും മുൻപും സുഹൈൽ സമാനമായ രീതിയിൽ അപകടം ഉണ്ടാക്കിയിട്ടുണ്ടെന്നും ഇരകളുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചിരുന്നു.
സുഹൈലിനെതിരെ നരഹത്യാക്കുറ്റവും മറ്റ് മൂന്ന് പ്രതികൾക്കെതിരെ പ്രേരണാക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്.ഒക്ടോബർ 11ന് പുലർച്ചെ നെടുമ്പാശേരി എയർപോർട്ട്-അത്താണി റോഡിൽ സുഹൈൽ ഓടിച്ചിരുന്ന മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരണപ്പെട്ടിരുന്നു. ഇയാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. മദ്യപിച്ച് അമിതവേഗതയിലാണ് സുഹൈൽ വാഹനം ഓടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മുൻപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും എറണാകുളം സെഷൻസ് കോടതിയും സുഹൈൽ ഉൾപ്പെടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.




