News

മണ്ഡല പുനർനിർണയ ബിൽ: ഇന്ത്യാസഖ്യത്തിൽ നിർണായക നീക്കം; ഭിന്നത പരിഹരിക്കാൻ സോണിയയും ഖാർഗെയും രംഗത്ത്

ദില്ലി: മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട് ഇന്ത്യാസഖ്യത്തിൽ നിന്ന് വിട്ടുനിൽക്കാൻ സാധ്യതയുള്ള ഡിഎംകെയേയും എൻസിപിയേയും അനുനയിപ്പിക്കാനുള്ള നീക്കവുമായി സോണിയയും ഖർ​ഗെയും ഉൾപ്പെടെയുള്ള ഇന്ത്യാസഖ്യ നേതാക്കൾ. ഇരു പാർട്ടിയുടേയും നേതൃത്വങ്ങളുമായി നേതാക്കൾ ചർച്ച നടത്തും. ചെന്നെയിൽ സ്റ്റാലിനേയും മുംബൈയിൽ ശരദ്പവാറിനെയും കാണാനാണ് നിലവിലെ തീരുമാനം. ചെന്നൈയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കും, മുംബൈയിൽ രാത്രി 8 മണിക്കുമാണ് കൂടിക്കാഴ്ച. അനുനയത്തിൻ്റെ ഭാ​ഗമായി അഖിലേഷ് യാദവ് സ്റ്റാലിനെ ഫോണിൽ വിളിച്ചതായും സൂചനയുണ്ട്. കേരളം, കർണ്ണാടക, തെലങ്കാന മുഖ്യമന്ത്രിമാരും, മമത ബാനർജിയും രാഹുലും സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കും.

അതേസമയം, നാളെ തുടങ്ങുന്ന നിർണായക പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. ഡിഎംകെയും എൻസിപിയും വൈകാതെ എൻഡിഎ മുന്നണിയുടെ ഭാഗമാവുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അടുത്ത മന്ത്രിസഭ പുനസംഘടനയിൽ ഇരു കൂട്ടരെയും പരിഗണിക്കാനും സാധ്യതയുണ്ട്. അതിനിടയിലാണ് ഡിഎംകെയെ അനുനയിപ്പിക്കാൻ ഇന്ന് അവസാനവട്ട ശ്രമം നടത്താൻ ഇടത് പാർട്ടികളും രം​ഗത്തെത്തുന്നത്.

കനിമൊഴിയുടെ നേതൃത്വത്തിൽ നടന്ന ദില്ലി സന്ദർശനം രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. മണ്ഡലപുനർനിർണയ കമ്മീഷനെ കുറിച്ചുള്ള ആശങ്ക അറിയിക്കാൻ പോയതെന്ന് ഡിഎംകെ എംപിമാർ പറയുമ്പോഴും അതാരും വിശ്വസിക്കുന്നില്ല. ബില്ലിനെ പിന്തുണയ്ക്കരുതെന്ന് സ്റ്റാലിനോട് പ്രകാശ്‌ രാജും ധ്രുവ് റാട്ടിയും ആവശ്യപ്പെട്ടു. ബില്ലിനെ പിന്തുണയ്ക്കുന്നു എന്നതുകൊണ്ട് ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടു എന്ന് പറയാനാകുമോയെന്നാണ് കനിമൊഴിയുടെ പ്രതികരണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ ബില്ലിനെ കോൺഗ്രസും ഇടത്പാർട്ടികളും പിന്തുണച്ചല്ലോ എന്നും കനിമൊഴി ചോദിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button