മമതയ്ക്ക് കോൺഗ്രസ് ഉപാധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തിട്ടില്ല; അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

ദില്ലി: തൃണമൂൽ കോൺഗ്രസുമായി (ടി എം സി) നിലവിൽ കോൺഗ്രസ് ലയന ചർച്ചകളൊന്നും നടത്തുന്നില്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ദില്ലിയിൽ സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിൽ മമത ബാനർജി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, മമതയ്ക്ക് കോൺഗ്രസ് ഉപാധ്യക്ഷ പദവി വാഗ്ദാനം ചെയ്തെന്ന രീതിയിൽ പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ അദ്ദേഹം പൂർണ്ണമായി തള്ളി. അത്തരം ചർച്ചകളൊന്നും പാർട്ടിക്കുള്ളിൽ നടന്നിട്ടില്ലെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇരു പാർട്ടികളും ഒരുമിച്ച് മുന്നോട്ട് പോകാനാണ് ധാരണയായിട്ടുള്ളതെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. ചില ദേശീയ മാധ്യമങ്ങളാണ് മമതക്ക് കോൺഗ്രസ് ഉപാധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി വാഗ്ദാനം ചെയ്തെന്ന് റിപ്പോർട്ട് ചെയ്തത്.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരിച്ചടികളുടെ പത്മവ്യൂഹത്തിൽ കുരുങ്ങിക്കിടക്കുകയാണ് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. ബി ജെ പിയുടെ കരുനീക്കത്തിൽ എം പിമാരും എം എൽ എമാരും കൂറുമാറുന്ന കാഴ്ചയാണ് ഓരോദിവസവും ബംഗാളിൽ കാണുന്നത്. ഇതിൽ നിന്ന് രക്ഷയെന്തെന്ന ചോദ്യത്തിന് മുന്നിൽ നിൽക്കുന്ന മമതക്കും തൃണമൂൽ കോൺഗ്രസിനും മുന്നിൽ പലരും വയ്ക്കുന്ന ഉത്തരം കോൺഗ്രസിൽ ലയിക്കുക എന്നതാണ്. ബി ജെപി നീക്കം പൊളിക്കാൻ തൃണമൂൽ കോൺഗ്രസ്, കോൺഗ്രസിൽ ലയിക്കണമെന്ന് ശിവസേന നേതാവ് സഞ്ചയ് റൗത്ത് അടക്കം പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ മമത ബാനർജി ഇന്നലെ സോണിയ ഗാന്ധിയെ കണ്ടതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. 2021 ന് ശേഷം ആദ്യമായാണ് പത്ത് ജൻപഥിൽ എത്തി മമത, സോണിയയെ കണ്ടത്. ടി എം സി, കോൺഗ്രസിൽ ലയിക്കണമെന്ന നിർദ്ദേശം ഉയരുന്നതിനിടെയുള്ള മമതയുടെ സന്ദർശനത്തിന്‍റെ ലക്ഷ്യമെന്തെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ ഇതുവരെയും മമതയും ടി എം സിയും പ്രതികരിച്ചിട്ടില്ല. എന്നാൽ കോൺഗ്രസ് ഇക്കാര്യം തള്ളിക്കളഞ്ഞതോടെ ലയന സാധ്യത അടയുന്നുവെന്നാണ് വ്യക്തമാകുന്നത്.
വിമതർ പെരുകുന്നു
അതേസമയം തൃണമൂൽ കോൺഗ്രസ് പാർലമെൻററി പാർട്ടിയിലെ പൊട്ടിത്തെറി ഒഴിവാക്കാനുള്ള മമത ബാനർജിയുടെ ശ്രമം ഇതുവരെയും ഫലം കണ്ടിട്ടില്ല. കൂടുതൽ എം പിമാർ വിമത പക്ഷത്ത് ചേരുകയാണ്. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ മമത ബാനർജി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത യൂസഫ് പഠാനടക്കം ദില്ലിയിലെത്തി വിമർതർക്കൊപ്പം ചേർന്നിട്ടുണ്ട്. എന്നാൽ അയോഗ്യത മറികടക്കാൻ ആവശ്യമായ 20 പേർ വിമത പക്ഷത്തുണ്ടോ എന്നതിൽ വ്യക്തതയില്ല. സ്പീക്കറെ നേരിട്ട് കണ്ട് സംഖ്യ ബോധ്യപ്പെടുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് നടന്നിട്ടില്ല. ഓപ്പറേഷൻ താമര വിജയിച്ചിട്ടില്ലെന്നാണ് മമത പക്ഷത്തുള്ള കീർത്തി ആസാദ് അവകാശപ്പെട്ടത്.



