News

കോക്രോച്ച് ജനതാ പാർട്ടി വിവാദം; എക്‌സ് അക്കൗണ്ട് നീക്കം ചെയ്തതിനു പിന്നാലെ പുതിയത്

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ തരംഗമായ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്‌സ് അക്കൗണ്ട് നിരോധിച്ച് കഴിഞ്ഞ്‌ നിമിഷങ്ങൾക്കകം പുതിയത് തുറന്നു. പ്രതീക്ഷിച്ചത് സംഭവിച്ചെന്നാണ് ആദ്യ അക്കൗണ്ട് പൂട്ടിയതിനുപിന്നാലെ സ്ഥാപകനായ അഭിജിത്ത് ദീപക് പ്രതികരിച്ചത്. സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ചുകൊണ്ടുള്ള ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ രൂപീകരിക്കപ്പെട്ട പരിഹാസ്യ കൂട്ടായ്‌മയാണ് ക്രോക്രോച്ച് പാർട്ടി. തൊഴിലില്ലാത്തവരുടെ ശബ്‌ദമായാണ് സിജെപി അവതരിപ്പിക്കപ്പെടുന്നത്.

തൊഴിലില്ലാത്തവർ, കുഴിമടിയന്മാർ, മടിച്ചികൾ, 12 മണിക്കൂറിൽ കൂടുതൽ സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നവർ തുടങ്ങിയവയാണ് ക്രോക്രോച്ച് പാർട്ടിയിൽ അംഗമാകാനുള്ള മാനദണ്ഡങ്ങൾ. തമാശയായി തോന്നുമെങ്കിലും ഒരു ജെൻസി മൂവ്‌മെന്റായി മാറിക്കൊണ്ടിരിക്കുകയാണ് ക്രോക്രോച്ച് പാർട്ടി.മേയ് 15-ന് സുപ്രീംകോടതി നടപടിക്കിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരിഹാസ്യ പരാമർശം. തൊഴിലില്ലാത്ത യുവാക്കൾ പാറ്റകളാണെന്നും അവർ സോഷ്യൽ മീഡിയ, ആർ ടി ഐ ആക്‌ടിവിസ്റ്റുകളായി സിസ്റ്റത്തെ ആക്രമിക്കാൻ തുടങ്ങിയെന്നുമായിരുന്നു പരാമർശം.

സംഭവം വിവാദമായതോടെ ചീഫ് ജസ്റ്റിസിന് വിശദീകരണ കുറിപ്പ് ഇറക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ പരാമർശത്തോടുള്ള പ്രതിഷേധം എന്ന നിലയ്‌ക്കാണ് കോക്രോച്ച് ജനതാ പാർട്ടി അക്കൗണ്ട് ആരംഭിച്ചത്. പാർട്ടി ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ വമ്പൻ സ്വീകാര്യതയാണ് പാർട്ടിക്ക് ജെൻസി വിഭാഗങ്ങൾക്കിടയിൽ ലഭിക്കുന്നത്. ‘മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്‌ദം’ എന്ന മുഖവുരയോടെ ഒരു വെബ്‌സൈറ്റും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button