
പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയിൽ പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല. ഇതിൽ പ്രതിഷേധിച്ച് ഇന്ന് നാല് ജില്ലകളിൽ സ്വകാര്യ ബസുകൾ പണിമുടക്കും. കോട്ടയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് ജില്ലകളിലാണ് പണിമുടക്കുക.
മുഴുവൻ സ്വകാര്യ ബസുകളും സമരത്തിൽ പങ്കെടുക്കുന്നതിനാൽ ഈ ജില്ലകളിൽ യാത്രാക്ലേശം രൂക്ഷമാകാൻ സാധ്യതയുണ്ട്. ഇതുകൂടാതെ, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ജൂലൈ 20 മുതൽ 25 വരെ സെക്രട്ടറിയറ്റിന് മുന്നിൽ ധർണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായാണ് സൂചന പണിമുടക്ക് നടത്തുന്നത്.
സർക്കാരിന്റെ ഈ പദ്ധതി മൂലം വരുമാനം ഇല്ലാതായതോടെ സ്വന്തം തൊഴിലും കുടുംബജീവിതവും മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും വലിയ തകർച്ചയിലാണ്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കണ്ട് നിവേദനം നൽകിയിട്ടും യാതൊരുവിധ പരിഹാരവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.




