News

സിഎംആർഎൽ കേസ്: ശശിധരൻ കർത്തയുടെ മൊഴി; വീണയ്ക്കും പിണറായിക്കുമെതിരെ പുതിയ വെളിപ്പെടുത്തൽ

തിരുവനന്തപുരം: സിഎംആർഎൽ – എക്‌സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണയ്‌ക്കും തിരിച്ചടിയായി സിഎംആർഎൽ എംഡി ശശിധരൻ കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) നൽകിയ മൊഴി. പിണറായിയുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് വീണയ്‌ക്കും കമ്പനിക്കും പണം നൽകിയതെന്നാണ് ശശിധരൻ കർത്തയുടെ മൊഴി. വീണയോ എക്‌സാലോജിക്കോ സിഎംആർഎല്ലിന് സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2024 ഏപ്രിലിൽ ഇഡിക്ക് നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ ഏകദേശം 2.78 കോടി രൂപയാണ് വീണയ്‌‌ക്കും എക്‌സാലോജിക്കിനുമായി സിഎംആർഎൽ നൽകിയത്. നൽകാത്ത സേവനങ്ങളുടെ പേരിലാണ് വീണ പണം കൈപ്പറ്റിയതെന്ന് ഇഡി കണ്ടെത്തി. സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്ന കാര്യം വീണതന്നെ സമ്മതിച്ചിട്ടുണ്ടെന്ന കാര്യവും ഇഡി റിപ്പോർട്ടിലുണ്ട്.

മുമ്പ് ചോദ്യംചെയ്‌തപ്പോൾ താൻ നേരിട്ട് സിഎംആർഎല്ലിന് ഗൈഡൻസ് നൽകുകയായിരുന്നു എന്നാണ് വീണ പറഞ്ഞിരുന്നത്. എന്നാൽ, ഇതിന് തെളിവായി ഇ-മെയിലുകളോ മറ്റ് രേഖകളോ ഹാജരാക്കാൻ അവർക്ക് സാധിച്ചില്ല. വീണയ്‌ക്ക് മാസം അഞ്ച് ലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്നുലക്ഷം രൂപയും എന്ന രീതിയിലായിരുന്നു പണമിടപാട്. കൂടാതെ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തിൽ നിന്ന് 50 ലക്ഷം രൂപയുടെ ലോൺ നൽകിയിരുന്നെന്നും മൊഴിയിലുണ്ട്.

2014-15 കാലഘട്ടത്തിൽ നഷ്‌ടത്തിലായിരുന്ന എക്‌സാലോജിക് കമ്പനിക്ക്, 2016ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷമാണ് സിഎംആർഎല്ലുമായി കരാറിലേർപ്പെടാൻ കഴിഞ്ഞതെന്നും ഇഡി കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് സിഎംആർഎല്ലിന്റെ 242 അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു. വീണയുടെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. എക്‌സാലോജിക് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button