News

വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ അധ്യാപകർക്കെതിരെ സഹപാഠികളുടെ പ്രതിഷേധം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

കോലഞ്ചേരി: സെന്‍റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. തമ്മാനിമറ്റം ചിറമ്പാട്ട് ഏബൽ സിജു (16)വിന്‍റെ മരണകാരണം അധ്യാപകരുടെ പീഡനമാണെന്ന് സഹപാഠികൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം കെ കെ ഷാജു സ്വമേധയാ കേസെടുത്തു. സംഭവത്തിൽ പുത്തൻകുരിശ് എസ്എച്ച്ഒയോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സെന്‍റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഏബലിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾ ക്ലാസിൽ മൊബൈൽ ഫോണുകൾ കൊണ്ടുവന്നതിനെ തുടർന്ന് അധ്യാപകർ ഫോണുകൾ പിടിച്ചെടുത്ത് വീട്ടുകാർക്ക് കൈമാറിയിരുന്നു. ഫോൺ പരിശോധിച്ചതിലുണ്ടായ മനോവിഷമമാണ് ഏബലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും സഹപാഠികൾ ആവശ്യപ്പെട്ടു.

എന്നാൽ ഫോണുകൾ പരിശോധിച്ചിട്ടില്ലെന്നും പ്രത്യേകം കവറുകളിലാക്കി രക്ഷിതാക്കളെ ഏൽപ്പിക്കുക മാത്രമാണ് ചെയ്തതെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ വിശദീകരണം നൽകുന്നതിനും കൗൺസലിങ്ങിനുമായി തിങ്കളാഴ്ച സ്കൂളിൽ രക്ഷാകർത്തൃയോഗം വിളിച്ചിരുന്നു. യോഗത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകർക്കെതിരെ വിമർശനവുമായി രംഗത്തെത്തി. രക്ഷിതാക്കളിൽ ചിലർ വിദ്യാർത്ഥികളോട് കയർത്തതോടെ യോഗത്തിൽ സംഘർഷാവസ്ഥയുണ്ടായി. അധ്യാപകർ ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. തുടർന്ന് വിദ്യാർഥികൾ കൂട്ടമായെത്തി അധ്യാപകർക്കുനേരെ പ്രതിഷേധിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ ആരോപണവിധേയയായ അധ്യാപികയോട് അവധിയിൽ പ്രവേശിക്കാൻ നിർദേശിക്കുമെന്നും സ്കൂൾ മാനേജർ പറഞ്ഞു. ബാലാവകാശ കമ്മിഷന്‍റെ നിർദേശപ്രകാരം സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button