12-ാം ക്ലാസ് വിദ്യാർത്ഥിനി തീകൊളുത്തി മരിച്ചു; ബാഗിൽ നിന്ന് മൂന്ന് പേജുള്ള കുറിപ്പ് കണ്ടെത്തി

ന്യൂഡൽഹി: സ്കൂൾ വളപ്പിൽ 12-ാം ക്ലാസ് വിദ്യാർത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. മരിച്ച പെൺകുട്ടിയുടെ ബാഗിൽ നിന്നും മൂന്ന് പേജുകളുള്ള ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. കിഴക്കൻ ഡൽഹിയിലെ ശഹ്ദാരയിലുള്ള സർവോദയ കന്യ സ്കൂളിലാണ് സംഭവം. സ്കൂളിലെ സുരക്ഷാ മുറിക്കു പിന്നിലുള്ള സ്ഥലത്താണ് വിദ്യാർത്ഥിനിയുടെ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. പെട്രോളൊഴിച്ചാണ് പെൺകുട്ടി തീകൊളുത്തിയതെന്നാണ് വിവരം.
സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കാരണവും വ്യക്തമായിട്ടില്ല. വിദ്യാർത്ഥിനിയുടെ ബാഗിൽനിന്ന് ലഭിച്ച മൂന്ന് പേജുള്ള കുറിപ്പും മറ്റ് വസ്തുക്കളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്തുന്നതിന് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
സംഭവദിവസം രാവിലെ സന്തോഷത്തോടെയാണ് കുട്ടി സ്കൂളിലേക്ക് പോയതെന്ന് വിദ്യാർത്ഥിനിയുടെ സഹോദരി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഉച്ചയ്ക്ക് 1.40ഓടെയാണ് സ്കൂളിൽനിന്ന് കുടുംബത്തിന് ഫോൺ വന്നതെന്നും സഹോദരി വ്യക്തമാക്കി. പൊലീസ് കണ്ടെടുത്ത മൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പ് അന്വേഷണത്തിൽ നിർണായകമായേക്കും. കുറിപ്പിലെ വിവരങ്ങൾ മറ്റ് തെളിവുകളുമായി താരതമ്യം ചെയ്ത് സംഭവത്തിന്റെ യഥാർത്ഥ സാഹചര്യം കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം




