സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റാ ഹാൻഡിൽ അപ്രത്യക്ഷമായി; അഭിജീത് ദീപ്കെയുടെ പ്രതികരണത്തിന് പിന്നാലെ ട്വിസ്റ്റ്

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് നീക്കം ചെയ്തതെന്നാരോപിച്ച് സ്ഥാപകൻ അഭിജീത് ദീപ്കെ. ഇതിന്റെ സ്ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവച്ചു. ഇൻസ്റ്റാഗ്രാം ഹാൻഡിൽ നീക്കം ചെയ്തതായി എക്സിലൂടെയാണ് അഭിജീത് അറിയിച്ചത്. ‘കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ അവർ നീക്കം ചെയ്തു. ഭീരുക്കൾ’- എന്നാണ് അദ്ദേഹം കുറിച്ചത്. ഇതിന് മണിക്കൂറുകൾക്ക് ശേഷം സിജെപിയുടെ ഇൻസ്റ്റാ അക്കൗണ്ട് വീണ്ടും പ്രത്യക്ഷപ്പെട്ടു.
അക്കൗണ്ട് വീണ്ടെടുത്തതായും ദീപ്കെ തന്നെയാണ് അറിയിച്ചത്. ‘ഇന്ന് രാവിലെ സിജെപിയുടെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ നീക്കം ചെയ്തിരുന്നു. എന്നാൽ അക്കൗണ്ട് വിജയകരമായി തിരിച്ചെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു. സിജെപിയെ എതിർക്കുന്നവർ നമ്മുടെ ശബ്ദം അടിച്ചമർത്താൻ ഇന്ത്യയുടെ സ്വാതന്ത്ര്യദിനംതന്നെ തിരഞ്ഞെടുത്തത് എത്ര ലജ്ജാകരമാണ്. ഇത്തരം ഭീരുത്വപരമായ പ്രവൃത്തികളിൽ ഞങ്ങൾ ഭയപ്പെടില്ല’- എന്നാണ് അഭിജീത് കുറിച്ചത്.




