കുട്ടിയുടെ മരണം വിവാദത്തിൽ; മരുന്നിന് പകരം വിഷം നൽകിയതായി ആരോപണം

ഭോപ്പാൽ: മരുന്നിന് പകരം മാരക വിഷാംശമുള്ള ഫോർമാലിൻ കുത്തിവച്ചതിനെ തുടർന്ന് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ രണ്ട് നഴ്സുമാർക്കെതിരെ നടപടി. ബ്ലഡ് ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന സാർത്ഥക് യാദവ് എന്ന കുട്ടിയാണ് നഴ്സുമാരുടെ ഗുരുതര വീഴ്ചയെ തുടർന്ന് മരണപ്പെട്ടത്. ഭോപ്പാലിലെ എയിംസ് ആശുപത്രിയിൽ 2025 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. വീഴ്ചവരുത്തിയ നഴ്സുമാരായ മധുബാല ശർമ്മ, അനുക എന്നിവർക്കെതിരെ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്‌തു.
ഭോപ്പാൽ എയിംസിലെ പീഡിയാട്രിക് വാർഡിൽ ഗുരുതരാവസ്ഥയിലാണ് സാർത്ഥകിനെ പ്രവേശിപ്പിച്ചത്. ഡിസംബർ 17ന് രാവിലെ കുട്ടിയുടെ ഐവി ലൈൻ തടസപ്പെട്ടിരുന്നു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് ഓഫീസർ വാർഡിൽ ഇരുന്ന എഫ് എന്ന് അടയാളപ്പെടുത്തിയ സിറിഞ്ച് കൃത്യമായി പരിശോധിക്കാതെ ഐവി ബോട്ടിലിലേക്ക് കുത്തിവയ്ക്കുകയായിരുന്നു.ഇഞ്ചക്ഷൻ എടുത്തതിന് പിന്നാലെ കുട്ടിയുടെ നില വഷളാവുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു.
ഉടൻ തന്നെ പീഡിയാട്രിക് ഐസിയുവിലേക്ക് മാറ്റി സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 8.45ഓടെ കുട്ടി മരണപ്പെട്ടു. സംഭവം പുറത്തായതോടെ ആശുപത്രി അധികൃതർ ഐവി ബോട്ടിൽ ഒളിപ്പിക്കാൻ ശ്രമിച്ചതായും സാർത്ഥികിന്റെ കുടുംബം ആരോപിച്ചു. സിറിഞ്ച് ഐവി ബോട്ടിലിലേക്ക് കുത്തിവയ്ക്കാൻ തുടങ്ങുമ്പോൾ മൂന്ന് തവണ തടയാൻ ശ്രമിച്ചിട്ടും താനാണോ ഇവിടുത്തെ ഡോക്ടർ അതോ നിങ്ങളാണോ എന്ന രീതിയിലായിരുന്നു നഴ്‌സിന്റെ മറുപടിയെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. എയിംസ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ നഴ്സിംഗ് സ്റ്റാഫിന് ഗുരുതരവീഴ്ച സംഭവിച്ചതായി പിന്നീട് കണ്ടെത്തി.
ബയോപ്‌സി സാമ്പിൾ സൂക്ഷിക്കാൻ മാറ്റിവച്ചിരുന്ന ഫോർമാലിൻ സിറിഞ്ചിലാക്കി വാർഡിൽ അശ്രദ്ധമായി തുറന്നുവച്ചതായിരുന്നു വിനയായത്. ഫോർമാലിൻ സുരക്ഷിതമായി മാറ്റിവയ്ക്കാതിരുന്നതായും കണ്ടെത്തി. വീഴ്ച വരുത്തിയ രണ്ട് നഴ്സുമാരെയും എയിംസ് മാനേജ്‌മെന്റ് ജോലിയിൽ നിന്നും താൽക്കാലികമായി പിരിച്ചുവിട്ടു.മൃതദേഹങ്ങളും ശരീരകോശങ്ങളും ജീർണിക്കാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന മാരക വിഷാംശമുള്ള രാസവസ്തുവാണ് ഫോർമാലിൻ. മനുഷ്യശരീരത്തിന് അപകടകരമായ ഈ കെമിക്കൽ മരുന്നിന് പകരം നേരിട്ട് രക്തത്തിൽ കലർന്നതാണ് കുട്ടിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമായത്.



