News

ബിജെപി കൗൺസിലറുടെ അവധി അപേക്ഷ ചർച്ചയാകുന്നു; ഉദ്യോഗസ്ഥർക്കെതിരെ കെ.എസ്. ശബരിനാഥൻ

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയിൽ ഉദ്യോഗസ്ഥരെയും തദ്ദേശ സ്വയംഭരണ വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് കൗൺസിലർ കെ.എസ്. ശബരിനാഥൻ. എല്ലാ നിയമങ്ങളും ലംഘിച്ചാണ് സുഗതന് അനുകൂലമായി ഉത്തരവിറക്കിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വിവാദപരമായ ഈ വിഷയത്തിൽ ആഭ്യന്തര മന്ത്രിയുടെ ഓഫീസ് പോലും അറിയാതെയാണ് അണ്ടർ സെക്രട്ടറി ഉത്തരവിറക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം നഗരസഭ കൗൺസിലിൽ മേയർ വായിച്ച ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് കണ്ട് ഞെട്ടിയെന്നും, തുടർന്ന് ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ടപ്പോഴാണ് കാര്യങ്ങൾ വ്യക്തമായതെന്നും ശബരിനാഥൻ പറഞ്ഞു. സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്നത് പോലെ ഉദ്യോഗസ്ഥർ നിയമത്തിന്റെ എല്ലാ പരിധികളും ലംഘിച്ചാണ് പ്രവർത്തിച്ചത്. സംഭവത്തിൽ ഉദ്യോഗസ്ഥരോട് അതൃപ്തി അറിയിച്ച ആഭ്യന്തര മന്ത്രി സത്വര നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതായും അദ്ദേഹം കുറിപ്പിൽ കൂട്ടിച്ചേർത്തു.

ഈ വിഷയത്തിൽ വഴിവിട്ട സഹായത്തിന്റെ ഉറവിടം തദ്ദേശ സ്വയംഭരണ വകുപ്പാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഭരണം മാറിയിട്ടും ചില ഉദ്യോഗസ്ഥർ തങ്ങൾക്ക് ഇഷ്ടമുള്ളത് നിയമവിരുദ്ധമായി ഫയലിൽ എഴുതുന്ന ധാർഷ്ട്യം അവസാനിപ്പിക്കാൻ ഭരണസംവിധാനം ശ്രദ്ധിക്കണം. ഇത്തരം തെറ്റുകൾ തിരുത്തിയില്ലെങ്കിൽ അതിന്റെ പാപഭാരം അനുഭവിക്കാൻ പോകുന്നത് ഭരണമുന്നണിയാണെന്നും, നഗരസഭയിലെ തെറ്റുകൾക്കെതിരെ യുഡിഎഫ് കൗൺസിലർമാരുടെ പോരാട്ടം തുടരുമെന്നും ശബരിനാഥൻ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button