നവകേരള യാത്രക്കിടയിലെ മർദന കേസ്; ഗൺമാൻ ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) പ്രതികളുടെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി. എന്നാൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാസേനാംഗങ്ങളായ എസ്. സന്ദീപ്, വി.വി. വിപിൻ, ആർ. അരുൺ, ഷൈജു എന്നിവരെയാണ് ഒറ്റയ്ക്കും കൂട്ടമായും ചോദ്യം ചെയ്തത്. എപ്പോൾ വിളിച്ചാലും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് നിർദേശിച്ച് ഇവരെ വിട്ടയച്ചതായി അധികൃതർ അറിയിച്ചു.
ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിച്ചുവെന്നും എല്ലാ വിവരങ്ങളും അന്വേഷണ സംഘത്തോട് പറഞ്ഞുവെന്നും ഗൺമാൻ അനിൽ കല്ലിയൂർ പ്രതികരിച്ചു. കോടതി നിർദേശ പ്രകാരമാണ് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്നത്.
പ്രതികൾക്കെതിരെ CrPC സെക്ഷൻ 41A പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്നും അനുവദിച്ച ലാത്തി ഡ്യൂട്ടിക്ക് ശേഷം തിരികെ ഓഫീസിൽ ഏൽപ്പിച്ചുവെന്നുമാണ് പ്രതികളുടെ മൊഴി. എന്നാൽ ഈ മൊഴികൾ അന്വേഷണ സംഘം പൂർണമായി വിശ്വാസത്തിൽ എടുത്തിട്ടില്ല.
മർദനത്തിന് ഉപയോഗിച്ചതായി പറയുന്ന ലാത്തിക്ക് സമാനമായ ചൂരൽ വടി എവിടെ നിന്നാണ് ലഭിച്ചതെന്നതിനെക്കുറിച്ച് പ്രതികൾ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരശേഖരണത്തിന് ശേഷം മാത്രമേ അറസ്റ്റ് സംബന്ധിച്ച തീരുമാനമെടുക്കുകയുള്ളൂവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
തെളിവുകൾ ശേഖരിച്ച് റിപ്പോർട്ട് ഉടൻ ഡിജിപിക്ക് സമർപ്പിക്കും. തുടർന്ന് കേസിൽ കുറ്റപത്രം നൽകുമെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ അന്വേഷണ സംഘത്തിന്റെ തലവനായ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി. എ.പി. ഷൗക്കത്തലിയെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി സ്ഥലംമാറ്റിയെങ്കിലും അദ്ദേഹം SIT തലപ്പത്ത് തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.



