News

അഭിമന്യു വധക്കേസ്; വിചാരണ തുടരാം, പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന അഭിമന്യു (19) കൊല്ലപ്പെട്ട കേസിൽ വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ഹർജി തള്ളി ഹൈക്കോടതി. പ്രധാന പ്രതി മുഹമ്മദ് അടക്കം അഞ്ച് പ്രതികളാണ് കോടതിയെ സമീപിച്ചത്. 17 മുതൽ 26 വരെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം നൽകാതെ തുടങ്ങുന്ന വിചാരണ നിർത്തിവയ്ക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

എന്നാൽ ആദ്യ 16 പ്രതികൾ മാത്രമാണ് നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തതെന്നും ഇവരുടെ വിചാരണ തുടങ്ങുന്നതിന് തടസമില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തെളിവ് നശിപ്പിക്കാനും പ്രതികളെ ഒളിവിൽപോകാൻ സഹായിച്ചവരുമാണ് ഇനി പ്രതിപ്പട്ടികയിൽ വരാനുള്ളതെന്നും അത് വിചാരണയ്ക്ക് തടസമല്ലെന്നുമുള്ള വാദം ഹൈക്കോടതി അംഗീകരിച്ചു.

ഈ മാസം 24ന് എറണാകുളം സെഷൻസ് കോടതി വിചാരണ തീയതി തീരുമാനിക്കാനിരിക്കെയാണ് വിചാരണ തടയാൻ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.2018 ജൂലായ് രണ്ടിന് അർദ്ധരാത്രിയിലാണ് രണ്ടാം വർഷ ബി.എസ്‌സി കെമിസ്ട്രി വിദ്യാർത്ഥിയും ഇടുക്കി വട്ടവട സ്വദേശിയുമായ അഭിമന്യു കൊല്ലപ്പെട്ടത്. ക്യാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്തിനു മുകളിൽ ‘വർഗീയത തുലയട്ടെ’ എന്ന് എഴുതിയതാണ് അരുംകൊലയിൽ കലാശിച്ചത്.

കേസിൽ കുറ്റപത്രം നൽകിയിട്ട് ആറു വർഷമായിട്ടും വിചാരണ തുടങ്ങാത്തതിൽ വിമർശനം ശക്തമായിരുന്നു. ”നാൻ പെറ്റ മകനേ, എൻ കിളിയേ…”” എന്ന് അമ്മ ഭൂപതി അന്ന് തൊണ്ടപൊട്ടി നിലവിളിപ്പോൾ, നീതി വേഗം നടപ്പാകുമെന്നാണ് സമൂഹം സാന്ത്വനിപ്പിച്ചത്. എന്നാൽ, വിവിധ കാരണങ്ങളാൽ വിചാരണ നീണ്ടു. നടിയെ ആക്രമിച്ച കേസിന്റെ മാരത്തൺ വിചാരണ ഇതേകോടതിയിൽ നടന്നതായിരുന്നു പ്രധാന തടസം. കൊവിഡും സുപ്രധാന രേഖകളുടെ തിരോധാനവും നടപടികൾ വൈകിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button