കൊല്ലം സ്വദേശി ആശുപത്രിയിലെത്തിയത് ഹൃദയത്തിന്‍റെ പ്രവർത്തനം നിലച്ചു, ഗുരുതര ഹൃദയതാള വൈകല്യവും; മരണത്തിന്‍റെ വക്കിൽ നിന്ന് പുതുജീവൻ

തിരുവനന്തപുരം: ഹൃദയത്തിന്‍റെ പ്രവർത്തനം നിലച്ച് അതീവ ഗുരുതരാവസ്ഥയിലായ രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ വിദഗ്ധ ചികിത്സയാൽ പുതു ജീവിതത്തിലേയ്ക്ക്. പൂർണ ആരോഗ്യവാനായ കൊല്ലം പുത്തൂർ സ്വദേശിയായ 58 കാരൻ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.
കഠിനമായ നെഞ്ചു വേദനയെ തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച രോഗിയ്ക്ക് ഡോക്ടർമാർ അടിയന്തരമായി നടത്തിയ പരിശോധനയിൽ ഗുരുതരമായ ഹൃദയാഘാതം സ്ഥിരീകരിച്ചു. ചികിത്സ പുരോഗമിക്കുന്നതിനിടെ രോഗിയുടെ ഹൃദയത്തിന്‍റെ പ്രവർത്തനം പെട്ടെന്ന് നിലയ്ക്കുകയും ജീവന് അതീവ അപകടകരമായ വെൻട്രിക്കുലർ ഫൈബ്രിലേഷൻ എന്ന ഹൃദയതാള വൈകല്യം ആവർത്തിച്ച് ഉണ്ടാകുകയും ചെയ്തു.
എമർജൻസി മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ പി കെ റോഷൻ്റെ നേതൃത്വത്തിൽ ഡോ അനഘ, ഡോ സോനു എന്നിവരും നഴ്സിംഗ് ഓഫീസർമാരായ ആര്യ, നിതിൻ നാരായൺ, നവീൻ എന്നിവരും ഉൾപ്പെട്ട സംഘം ഒരു നിമിഷം പോലും പാഴാക്കാതെ രോഗിക്ക് അടിയന്തര ചികിത്സ ആരംഭിച്ചു. സിപിആർ, നിരവധി തവണ ഡിഫിബ്രിലേഷൻ, വെന്റിലേറ്റർ സഹായം, ജീവൻ രക്ഷാ മരുന്നുകൾ, രക്തക്കുഴലിലെ കട്ട അലിയിക്കുന്ന ചികിത്സ (ത്രോംബോളിസിസ്), കൂടാതെ മറ്റ് അടിയന്തര ചികിത്സകൾ (സ്റ്റല്ലേറ്റ് ഗാംഗ്ലിയൺ ബ്ലോക്ക് ഉൾപ്പെടെ) നൽകി. ഇതിന്റെ ഫലമായി രോഗിയുടെ ഹൃദയമിടിപ്പും രക്തചംക്രമണവും വിജയകരമായി പുനഃസ്ഥാപിക്കാൻ സാധിച്ചു.
തുടർന്ന് രോഗിയെ കാർഡിയോളജി വിഭാഗത്തിലേക്ക് മാറ്റി. ഡോ സിബു മാത്യുവിന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ നടത്തിയ ആൻജിയോഗ്രാമിൽ ഹൃദയത്തിന്റെ വലതുവശത്തേക്ക് രക്തം എത്തിക്കുന്ന പ്രധാന രക്തക്കുഴലിൽ ഗുരുതരമായ അടവ് കണ്ടെത്തി. തുടർന്ന് സ്റ്റെന്റ് സ്ഥാപിച്ച് രക്തയോട്ടം പുനഃസ്ഥാപിച്ചു. ചികിത്സയ്ക്ക് ശേഷം രോഗി പൂർണ ആരോഗ്യവാനായി കഴിഞ്ഞ ദിവസം ആശുപത്രി വിടുകയും ചെയ്തു. രോഗി ആശുപത്രിയിലെത്തിയ നിമിഷം മുതൽ എമർജൻസി മെഡിസിൻ വിഭാഗം നടത്തിയ സമയോചിതമായ ഇടപെടലും അതിവേഗ ചികിത്സയുമാണ് ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായത്.
കൃത്യസമയത്ത് ഡോക്ടർമാർ നൽകിയ അത്യാധുനിക അടിയന്തര ചികിത്സകളിലൂടെയാണ് രോഗിയെ മരണത്തിന്റെ വക്കിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചത്. ഇതോടൊപ്പം കാർഡിയോളജി വിഭാഗം നടത്തിയ തുടർ ചികിത്സയിൽ രോഗി പൂർണ ആരോഗ്യവാനായി. മൂന്നു ദിവസത്തെ ചികിത്സയ്ക്കു ശേഷം രോഗി പൂർണ ആരോഗ്യവാനായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടെന്ന് അധികൃതർ അറിയിച്ചു.



