പ്രിയദർശിനി അവസാനിപ്പിക്കാനുള്ള ആസൂത്രിത നീക്കം’; സി.പി. ജോണിനെതിരെ പി. രാജീവ്

തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി. ജോണിന്റെ വിവാദ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രി പി. രാജീവ്. ഉറങ്ങിക്കിടക്കുന്നയാളെ വിളിച്ചുണർത്തി മുഖത്ത് കാർക്കിച്ചു തുപ്പുന്നതിന് തുല്യമായ പ്രവൃത്തിയാണ് മന്ത്രി കാണിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ സ്ത്രീ സമൂഹത്തെ ഇതുപോലെ ആക്ഷേപിച്ച മറ്റൊരു സംഭവമില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് സ്ത്രീകളെ അധിക്ഷേപിച്ച മന്ത്രി പദവിയിൽ തുടരണമോ എന്ന് കേരളം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. പ്രിയദർശിനി പദ്ധതി അവസാനിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്ലാ മേഖലകളും സ്വകാര്യ മേഖലയ്ക്ക് വിട്ടുനൽകാനുള്ള ആസൂത്രിതമായ പദ്ധതിയാണ് ഇതിന് പിന്നിലെന്നും, സ്വകാര്യ ആശുപത്രിയിൽ ഫണ്ടിംഗ് നടത്തിയവരുടെ താല്പര്യപ്രകാരമാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം ആരോപിച്ചു.
ഏറ്റവും കുറഞ്ഞ കാലം കൊണ്ട് ജനങ്ങളെ വഞ്ചിക്കുകയും അപമാനിക്കുകയും ചെയ്ത സർക്കാരായി യുഡിഎഫ് മാറിയെന്നും പി. രാജീവ് പറഞ്ഞു. കൂടാതെ, നിക്ഷേപകനെ കാണാനെന്ന പേരിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ രഹസ്യ യാത്രയിൽ ദുരൂഹതകൾ നിലനിൽക്കുന്നുണ്ടെന്നും ഒരു നുണ മറയ്ക്കാൻ ആയിരം നുണകൾ പറയേണ്ടി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




