വിഴിഞ്ഞത്ത് വൻ വികസനപദ്ധതികൾ; ആഗോള കപ്പൽ സേവന കേന്ദ്രമാകാൻ തുറമുഖം!

തിരുവനന്തപുരം: കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെന്റിനു പുറമേ രാജ്യാന്തര കപ്പലുകൾക്ക് സമഗ്ര സേവനങ്ങൾ ലഭ്യമാക്കുന്ന ആഗോള കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറുന്നു. അന്താരാഷ്ട്ര കപ്പൽച്ചാലിലൂടെ പോകുന്ന കൂറ്രൻ മദർഷിപ്പുകൾക്ക് ഇന്ധനം, കുടിവെള്ളം, ഭക്ഷ്യ വസ്തുക്കൾ, യന്ത്രഭാഗങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനൊപ്പം ജീവനക്കാരുടെ മാറ്റത്തിനും വൈദ്യ പരിശോധനയ്ക്കും ചികിത്സയ്ക്കും സൗകര്യമൊരുക്കും. അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ആഗോള മാരിടൈം ഭൂപടത്തിലെ പ്രധാനകേന്ദ്രമാക്കാനുള്ള സർക്കാരിന്റെ ‘മിഷൻ സമുദ്ര’യിലെ ആദ്യപദ്ധതിയാണിത്. കാർഗോ ഇറക്കാൻ തുറമുഖത്ത് അടുക്കാത്ത കപ്പലുകൾക്കും സേവനങ്ങൾ ലഭ്യമാക്കുമെന്നതാണ് പ്രത്യേകത.
തുറമുഖത്തിന് മൂന്ന് കിലോമീറ്റർ അകലെ നങ്കൂരമിടുന്ന കപ്പലുകളിലേക്ക് ബോട്ടുകളിൽ അവശ്യസാധനങ്ങൾ എത്തിക്കും. വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഏജൻസികളുമായി കരാറൊപ്പിട്ടിട്ടുണ്ട്. തെക്കുകിഴക്കനേഷ്യയിൽ നിന്ന് യൂറോപ്പിലേക്കും തിരിച്ചുമുള്ള യാത്രയിൽ അന്താരാഷ്ട്ര കപ്പൽച്ചാലിനടുത്ത് ഇന്ധനം നിറയ്ക്കാൻ വിഴിഞ്ഞത്തുമാത്രമാവും സൗകര്യം.
കിഴക്ക്-പടിഞ്ഞാറൻ അന്താരാഷ്ട്ര കപ്പൽച്ചാലിൽ നിന്ന് കേവലം പത്ത് നോട്ടിക്കൽ മൈൽ അകലെയാണെന്നതും 25 മീറ്റർ സ്വാഭാവിക ആഴമുള്ളതുമാണ് വിഴിഞ്ഞത്തിന്റെ പ്രധാന നേട്ടം. കപ്പൽച്ചാലിൽ നിന്ന് മുംബയ് തുറമുഖം 700 നോട്ടിക്കൽ മൈലും മുന്ദ്ര 1,150 നോട്ടിക്കൽ മൈലും അകലെയാണ്. ഈ തുറമുഖങ്ങളിലേക്ക് പോകുന്നതിന് പകരം വിഴിഞ്ഞത്തെ ആശ്രയിക്കുന്നതിലൂടെ യാത്രാസമയവും ഇന്ധനച്ചെലവും ഗണ്യമായി കുറയ്ക്കാനാകും. തുറമുഖത്ത് എത്താതെ തന്നെ കപ്പലുകൾക്ക് സേവനമെത്തിക്കാൻ എൻട്രി, എക്സിറ്റ് പോയിന്റുകളിൽ രണ്ട് ആങ്കറേജ് സംവിധാനമുണ്ട്.
കപ്പലിൽ നിന്ന് കപ്പലിലേക്ക് ഇന്ധനം നിറയ്ക്കൽ
ഭാരത് പെട്രോളിയവുമായി സഹകരിച്ച് രാജ്യത്തെ ആദ്യ ഷിപ്പ് ടു ഷിപ്പ് എൽ.എൻ.ജി ബങ്കറിംഗ് സൗകര്യവും വിഴിഞ്ഞത്ത് ഒരുക്കിയിട്ടുണ്ട്. തുറമുഖത്ത് അടുപ്പിക്കാതെ കടലിൽ വച്ചുതന്നെ മറ്റൊരു കപ്പലിൽ നിന്ന് ഇന്ധനം നിറയ്ക്കാനാകും. അധിക ഇന്ധനം കരുതേണ്ട സാഹചര്യം ഒഴിവാകുന്നതോടെ കപ്പലുകളുടെ ചരക്കുനീക്ക ശേഷിയും വർദ്ധിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് അധിക നികുതി വരുമാനവും ലഭിക്കും.
രാജ്യത്തെ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റിന്റെ 30%വിഴിഞ്ഞത്താണ്. ഓരോ 3ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നറുകളിൽ ഒരെണ്ണം വിഴിഞ്ഞം വഴിയാണ് കടന്നുപോകുന്നത്. അന്താരാഷ്ട്ര കപ്പലുകൾക്ക് എൽഎൻജി നിറയ്ക്കുന്നതിനുള്ള ഒരു പ്രധാനകേന്ദ്രമായി മാറുന്നതോടെ വിഴിഞ്ഞത്തിന്റെ പ്രാധാന്യമേറും.
മിഷൻ സമുദ്രയ്ക്കായി ഇക്കൊല്ലം വകയിരുത്തിയ തുക400കോടി രൂപ




