തിരുവനന്തപുരം വെള്ളക്കെട്ട്: ഒരാഴ്ചയ്ക്കകം കാരണം കണ്ടെത്തുമെന്ന് മേയർ; വീഴ്ചയുണ്ടെങ്കിൽ നടപടിയെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ശക്തമായ മഴയെ തുടർന്ന് വ്യാപകമായി വെള്ളക്കെട്ടുണ്ടായ സംഭവത്തിൽ ഒരാഴ്ചയ്ക്കകം ശാസ്ത്രീയമായ പരിശോധന നടത്തി യഥാർഥ കാരണം വ്യക്തമാക്കുമെന്ന് മേയർ വി.വി. രാജേഷ്. കോർപ്പറേഷൻ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറിനുള്ളിൽ പെയ്തതാണ് നഗരത്തിൽ ഇത്രയധികം വെള്ളക്കെട്ടുണ്ടാകാൻ കാരണമായതെന്ന് മേയർ പറഞ്ഞു. വിവിധ പ്രദേശങ്ങളിൽനിന്ന് ഒഴുകിയെത്തിയ മാലിന്യം ഓടകളിൽ അടിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തി. വെള്ളം ഒഴുകിപ്പോകേണ്ട ഭാഗങ്ങളിലെ ഗ്രില്ലുകൾക്ക് ആവശ്യമായ വീതിയില്ലാത്തതും പ്രശ്നം രൂക്ഷമാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓടകളുടെ നിർമാണത്തിലെ അപാകതകൾ പരിശോധിക്കേണ്ടതുണ്ട്. സ്ലാബുകൾ നീക്കി ഓടകളുടെ അവസ്ഥ പരിശോധിക്കേണ്ടത് ബന്ധപ്പെട്ട വകുപ്പുകളാണെന്നും മേയർ പറഞ്ഞു. മാലിന്യസംസ്കരണത്തിന് സംസ്ഥാന സർക്കാർ കൃത്യമായ പദ്ധതി ആവിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് സർക്കാരിനെയും കോർപ്പറേഷനെയും വിമർശിച്ച മുൻമന്ത്രി വി. ശിവൻകുട്ടിക്കെതിരെയും മേയർ പ്രതികരിച്ചു. 45 വർഷത്തോളം അവർ ഭരിച്ച പ്രദേശമാണിതെന്നും നഗരത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടതില്ലെന്നും രാജേഷ് പറഞ്ഞു.
വിളപ്പിൽശാല മാലിന്യപ്രശ്നവും സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും പരാമർശിച്ച മേയർ, ഗോവയിലെ മാലിന്യസംസ്കരണ പ്ലാന്റ് സന്ദർശിച്ചത് അവിടുത്തെ മാതൃകകൾ പഠിച്ച് തിരുവനന്തപുരത്ത് നടപ്പാക്കാനാണെന്നും വ്യക്തമാക്കി.
അതേസമയം, കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ പൊലീസിന്റെ ഇടപെടലിനെ മേയർ അഭിനന്ദിച്ചു. പ്രതിസന്ധി ഘട്ടത്തിൽ പൊലീസ് ഉദ്യോഗസ്ഥർ സജീവമായി രംഗത്തിറങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
വെള്ളക്കെട്ടിന്റെ യഥാർഥ കാരണങ്ങൾ ശാസ്ത്രീയമായി പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് അവതരിപ്പിക്കുമെന്ന മേയറുടെ പ്രഖ്യാപനത്തിലാണ് ഇനി നഗരവാസികളുടെ ശ്രദ്ധ.




