News

ഐസ് ഹോക്കി അസോസിയേഷൻ വഴി ജനറൽ അസംബ്ലിയിലേക്ക്; പി.ടി. ഉഷ നാമനിർദേശപത്രിക സമർപ്പിച്ചേക്കും

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പി.ടി. ഉഷ നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം നാളെ (നവംബർ 24) വൈകുന്നേരം അവസാനിക്കാനിരിക്കെയാണ് നിർണായക നീക്കം. നേരത്തെ നടന്ന സ്‌പോർട്‌സ് പേഴ്‌സൺ ഓഫ് ഔട്ട്‌സ്റ്റാൻഡിങ് മെറിറ്റ് തെരഞ്ഞെടുപ്പിൽ തോറ്റ ഉഷയെ ഐസ് ഹോക്കി അസോസിയേഷൻ നാമനിർദേശം ചെയ്തതോടെയാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തെരഞ്ഞെടുപ്പിൽ വഴിത്തിരിവുണ്ടായത്.

ഐഒഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിനുള്ള ജനറൽ അസംബ്ലിയിലേക്ക് ഐസ് ഹോക്കി അസോസിയേഷൻ വഴി ഉഷ എത്തുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അംഗീകൃത 30 ദേശീയ കായിക ഫെഡറേഷനുകൾക്ക് വീതം രണ്ട് പേരെ ജനറൽ അസംബ്ലിയിലേക്ക് നാമനിർദേശം ചെയ്യാം. ഉഷയെ ഒഴിവാക്കി മുൻ പ്രസിഡന്റ് ആദിൽ സുമരിവാല, ജ്യോതിർമയി സിക്കന്ദർ എന്നിവരുടെ പേരാണ് അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ നിർദേശിച്ചത്. ഇതിന് പിന്നാലെയാണ് ഐസ് ഹോക്കി അസോസിയേഷൻ തങ്ങളുടെ പ്രതിനിധിയായി ഉഷയെ നാമനിർദേശം ചെയ്തത്. ഉഷ ഉൾപ്പെടെ 60 പേരാണ് ഫെഡറേഷൻ നാമനിർദേശത്തിലൂടെ ജനറൽ അസംബ്ലിയിൽ എത്തുന്നത്.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വിവിധ പദവികളിലേക്കുള്ള മത്സരങ്ങളിലാണ് കായികലോകത്തിന്റെ ശ്രദ്ധ. പ്രസിഡന്റ് സ്ഥാനത്തേക്ക് ലണ്ടൻ ഒളിമ്പിക്‌സ് മെഡലിസ്റ്റ് ഗഗൻ നാരംഗും മത്സരിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെങ്കിലും ഇതിൽ മാറ്റമുണ്ടായേക്കാമെന്നാണ് ദേശീയ ഫെഡറേഷൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതിനിടെ, ഐഒഎ പ്രസിഡന്റ് സ്ഥാനത്ത് താല്പര്യം അറിയിച്ച് സൈന നെഹ്‌വാളും രംഗത്തെത്തിയതോടെ ദേശീയ കായിക മന്ത്രാലയത്തിന് ഇത് പുതിയ തലവേദനയായി മാറിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button