പിഎം ശ്രീ വിവാദം വീണ്ടും കത്തിക്കരുത്; ടി.പി.യെയും ശിവൻകുട്ടിയെയും തള്ളി സിപിഎം സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം വീണ്ടും സജീവമാക്കിയ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. ശിവൻകുട്ടിയുടെയും നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇരുവരുടെയും പരസ്യപ്രസ്താവനകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. അടഞ്ഞ അധ്യായങ്ങൾ വീണ്ടും തർക്കവിഷയമാക്കരുതെന്നും നേതൃത്വം നിർദേശിച്ചു.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് തെറ്റായിപ്പോയെന്നും ദുർബലനിമിഷത്തിലാണ് അത്തരമൊരു തീരുമാനമെടുത്തതെന്നുമുള്ള ടി.പി. രാമകൃഷ്ണന്റെ പ്രസ്താവനയാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. ഈ പരാമർശം അനവസരത്തിലുള്ളതായിരുന്നുവെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തിയത്.
കരാറിൽ ഒപ്പിടാൻ ഇടയായ സാഹചര്യം അന്നുതന്നെ പാർട്ടിയും സർക്കാരും വിശദീകരിച്ചിരുന്നതാണ്. പിന്നീട് പദ്ധതിയിൽനിന്ന് പിന്മാറാൻ തീരുമാനിച്ചെങ്കിലും മുൻ സർക്കാർ തെറ്റുചെയ്തുവെന്ന തരത്തിലുള്ള കുറ്റപ്പെടുത്തൽ ആവശ്യമില്ലായിരുന്നുവെന്നും യോഗം വിലയിരുത്തി.
ടി.പി.യുടെ പ്രസ്താവനയ്ക്ക് പിന്നാലെ പരസ്യമായി പ്രതികരിച്ച വി. ശിവൻകുട്ടിയുടെ നടപടിയിലും സെക്രട്ടേറിയറ്റിന് അതൃപ്തിയുണ്ട്. രാമകൃഷ്ണന്റെ പരാമർശം വന്നയുടൻ ശിവൻകുട്ടി പ്രതികരിക്കേണ്ടിയിരുന്നില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
പിഎം ശ്രീയിൽ അബദ്ധത്തിൽ ഒപ്പിട്ടുവെന്ന വാദം ശരിയല്ലെന്നും കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് ദുർബലനിമിഷമില്ലെന്നുമായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. ഇത്തരം വിഷയങ്ങളിൽ പാർട്ടി ചർച്ച ചെയ്തശേഷം സെക്രട്ടറി അഭിപ്രായം പറയുന്നതാണ് രീതിയെന്ന് സെക്രട്ടേറിയറ്റ് ശിവൻകുട്ടിയെ ഓർമിപ്പിച്ചു.
അതേസമയം, ടി.പി. രാമകൃഷ്ണന്റെ തുറന്നുപറച്ചിലിനെ സിപിഐ സ്വാഗതം ചെയ്തിരുന്നു. സിപിഐയുടെ പോരാട്ടത്തിന്റെ കൂടി വിജയമാണിതെന്നായിരുന്നു അവരുടെ അവകാശവാദം. ഇതിന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ശിവൻകുട്ടി വിമർശനവുമായി രംഗത്തെത്തിയതും ഇടതുമുന്നണിയിൽ പുതിയ തർക്കങ്ങൾക്ക് വഴിവെച്ചു.
ഇടതുസർക്കാരിന്റെ നേട്ടങ്ങൾക്ക് സിപിഐ അവകാശവാദമുന്നയിക്കുകയും കോട്ടങ്ങൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു ശിവൻകുട്ടിയുടെ വിമർശനം. എൽഡിഎഫിന്റെ നേട്ടങ്ങളിലും കോട്ടങ്ങളിലും മുന്നണിയിലെ എല്ലാ കക്ഷികൾക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
പിഎം ശ്രീ വിഷയത്തിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നത വീണ്ടും പരസ്യമായ സാഹചര്യത്തിലാണ് ഇരുനേതാക്കളുടെയും പ്രസ്താവനകളിൽ പാർട്ടി നേതൃത്വം അതൃപ്തി അറിയിച്ചിരിക്കുന്നത്. വിവാദം കൂടുതൽ വഷളാക്കാതെ വിഷയം അവസാനിപ്പിക്കണമെന്ന വ്യക്തമായ സന്ദേശമാണ് സെക്രട്ടേറിയറ്റ് നൽകിയിരിക്കുന്നത്.




