ശബരിമല തീർഥാടകർക്ക് ആശ്വാസം; തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എസി ബസ് സർവീസ് ആരംഭിച്ചു

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് സുഗമവും സുരക്ഷിതവുമായി യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് നേരിട്ട് പമ്പയിലേക്കുള്ള കെഎസ്ആർടിസി എയർ കണ്ടീഷൻ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തീർത്ഥാടകർക്ക് കേവലം 340 രൂപ ടിക്കറ്റ് നിരക്കിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് എ സി ബസിൽ യാത്ര ചെയ്യാം. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് 380 മാത്രമാണ് ടിക്കറ്റ് നിരക്ക്. മണ്ഡല -മകരവിളക്ക് തീർത്ഥാടന കാലം മുഴുവൻ ഈ സർവീസ് തുടരും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വിമാനമാർഗം എത്തുന്ന തീർത്ഥാടകർക്ക് പുറമേ, മറ്റുള്ളവർക്കും മുൻകൂട്ടി ബുക്ക് ചെയ്ത് ഈ യാത്രാ സൗകര്യം ഉപയോഗിക്കാനാകും.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എയർപോർട്ടുകളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ഇനി മുതൽ ഇരുമുടിക്കെട്ട് നിറച്ച് തീർത്ഥാടകർ ബസ് സ്റ്റേഷനുകളിലേക്ക് എത്തുന്നതിന് പകരം, അവരുടെ വീടിനോ ക്ഷേത്രത്തിനോ സമീപത്ത് നിന്ന് തന്നെ കെഎസ്ആർടിസി ബസിൽ യാത്ര തുടങ്ങാനുള്ള ചാർട്ടേഡ് ട്രിപ്പും ഒരുക്കിയിട്ടുണ്ട്.
വ്യക്തികൾക്കും കുടുംബങ്ങൾക്കും ഭക്തസംഘങ്ങൾക്കും വിവിധ സംഘടനകൾക്കും ആവശ്യങ്ങൾക്കനുസരിച്ച് കെഎസ്ആർടിസി ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്‌ത് യാത്ര ചെയ്യാൻ ഈ സംവിധാനം വഴി സാധിക്കുംയാത്രക്കാരുടെ എണ്ണം, യാത്ര ആരംഭിക്കുന്ന സ്ഥലം, തീയതി, സമയം, യാത്രയുടെ ദൈർഘ്യം എന്നിവയുടെ അടിസ്ഥാനത്തിൽ ചാർട്ടേഡ് സർവീസുകൾ ക്രമീകരിക്കാനുമാകും. ഭക്തർക്ക് സ്വന്തം പ്രദേശത്തുനിന്ന് തന്നെ പമ്പയിലേക്കും തിരിച്ചും നേരിട്ട് യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഇതിലൂടെ ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി.
ഇന്നലെ രാത്രി ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് ഫ്ലൈറ്റിൽ വന്നിറങ്ങിയ കുട്ടികൾ ഉൾപ്പെടെയുള്ള തീർത്ഥാടകർക്ക് പൂക്കളും അയ്യപ്പസ്വാമിയുടെ ചിത്രവും ഉപഹാരമായി നൽകിയ ശേഷമാണ് മന്ത്രി ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്‌തത്.ചടങ്ങിൽ കെഎസ്ആർടിസി സിഎംഡി ഡോ. പ്രമോജ് ശങ്കർ, ചീഫ് എയർപോർട്ട് ഓഫീസർ പി കെ അജു, പ്രോജക്ട് ഹെഡ് കെ എസ് ഷിബുകുമാർ, അദാനി ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻ ഹെഡ് മഹേഷ് ഗുപ്‌തൻ, വാർഡ് കൗൺസിലർ ഷീബ പാട്രിക്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സേവ്യർ ലോപ്പസ്,
കെഎസ്ആർടിസി ഡിപ്പോ എഞ്ചിനീയർ എൻ നിസ്‌താർ, ഡെപ്യൂട്ടി ജനറൽ മാനേജർ (ഐ ടി) എസ് നിഷാന്ത്, ചീഫ് ട്രാഫിക് മാനേജർ ഉദയകുമാർ, തിരുവനന്തപുരം സെൻട്രൽ ഡിപ്പോ അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ ബി എസ് ഷിജു തുടങ്ങിയവർ പങ്കെടുത്തു.രാത്രി ഒമ്പതരയ്‌ക്ക് പമ്പയിലേക്കും വൈകിട്ട് ഏഴ് മണിക്ക് തിരികെ വിമാനത്താവളത്തിലേക്കും എത്തുന്ന രീതിയിലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
നെടുമ്പാശേരിയിൽ നിന്ന് രാത്രി എട്ടരയ്‌ക്ക് പമ്പയിലേക്കും തിരികെ വൈകിട്ട് ഏഴുമണിക്ക് വിമാനത്താവളത്തിലേക്കുമാണ് സർവീസ്. വിവിധ വിമാനങ്ങളിൽ വന്നിറന്ന ഭക്തർക്ക് വിരിവയ്‌ക്കുവാനും വിശ്രമിക്കുവാനും പ്രത്യേക സൗകര്യം ഇരു വിമാനത്താവളങ്ങളിലും ഒരുക്കിയിട്ടുണ്ട്. കെഎസ്ആർടിസി ബുക്കിംഗ് സൈറ്റ് വഴിയും വിമാന ബുക്കിംഗ് സൈറ്റുകൾ വഴിയും ബുക്ക് ചെയ്യാനാകും. വിമാന ടിക്കറ്റുകളുടെ ബുക്കിംഗ് വെബ്സൈറ്റുകളിൽ കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള വെബ്സൈറ്റ് ലിങ്കും ലഭ്യമാക്കിയിട്ടുണ്ട്.




