News

ബിജെപിയിൽ വീണ്ടും കൊഴിഞ്ഞുപോക്ക്? പത്മജയ്ക്ക് പിന്നാലെ പദ്മിനിയും പടിയിറങ്ങുന്നു; അടുത്തത് ആരെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കേരളം!

തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ ബിജെപി വിട്ട് കോൺഗ്രസിലേക്ക് മടങ്ങാനൊരുങ്ങി പദ്മിനി തോമസും. ബിജെപിയിൽ നിന്ന് രാജിവെക്കുന്നതിന്റെ ഭാഗമായി ഇന്ന് (നവംബർ 19) തന്നെ രാജിക്കത്ത് സമർപ്പിക്കുമെന്ന് പദ്മിനി തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി. കോൺഗ്രസിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷനുമായി ഫോണിൽ സംസാരിച്ചതായും അവർ അറിയിച്ചു.

ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് പദ്മിനി തോമസ് ഉന്നയിച്ചത്. പാർട്ടിയിൽ തനിക്ക് യാതൊരു പരിഗണനയും ലഭിച്ചില്ലെന്നും, ആർ. ശ്രീലേഖയ്ക്കും സമാനമായ അസംതൃപ്തിയാണുള്ളതെന്നും അവർ വെളിപ്പെടുത്തി. ബിജെപിയിലേക്ക് പോയത് എടുത്തുചാട്ടമായിപ്പോയി. ഒരു ഉപാധിയും വെച്ചല്ല പാർട്ടിയിലേക്ക് വന്നത്. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്നതടക്കമുള്ള വാഗ്ദാനങ്ങളൊന്നും ബിജെപി പാലിച്ചില്ല. സംസ്ഥാന നേതൃത്വം ഒരു കാര്യവും തന്നെ അറിയിച്ചിരുന്നില്ല. പാർട്ടിയുടെ ആശയപരമായ പല നിലപാടുകളോടും യോജിപ്പുണ്ടായിരുന്നില്ല എന്നും പദ്മിനി തോമസ് പറഞ്ഞു.

പാളയത്ത് മത്സരിച്ചത് തന്റെ താൽപര്യപ്രകാരമായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. പത്മജയുടെ രാജിയല്ല തന്റെ തീരുമാനത്തിന് പ്രചോദനമായതെന്നും, ഒരു വർഷം മുൻപ് തന്നെ പാർട്ടി വിടാൻ തീരുമാനിച്ചിരുന്നതായും പദ്മിനി വ്യക്തമാക്കി. “തെറ്റുപറ്റിയാൽ അത് തിരുത്തണം. അതിനുള്ള അവസരം കോൺഗ്രസ് നേതൃത്വം നൽകണം. ഒരു സ്ഥാനമാനങ്ങളും ആഗ്രഹിച്ചല്ല മടങ്ങുന്നത്, സ്വന്തം കുടുംബത്തിലേക്കാണ് തിരിച്ചുവരുന്നത്,” അവർ പറഞ്ഞു. തിരിച്ചുവരവിന്റെ ഭാഗമായി കെപിസിസി അധ്യക്ഷനെ നേരിൽ കാണുമെന്നും പദ്മിനി തോമസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button