News

കോൺഗ്രസിലേക്ക് മടങ്ങാൻ പത്മജയുടെ നീക്കം; നേതൃത്വത്തിന് കത്ത് നൽകും, തിരിച്ചെടുക്കുന്നതിനെതിരെ പാർട്ടിയിൽ എതിർപ്പ്

തിരുവനന്തപുരം: കോൺഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് കത്ത് നൽകുമെന്ന് ബിജെപി വിട്ട പത്മജ വേണുഗോപാൽ. പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌ത കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫിനെ പത്മജ ഫോണിൽ വിളിച്ച് നന്ദി അറിയിച്ചു. ചർച്ചകൾക്ക് ശേഷമാകും പത്മജയുടെ മടങ്ങിവരവ് സംബന്ധിച്ച് കോൺഗ്രസ് ഔദ്യോഗിക തീരുമാനമെടുക്കുക.

ബിജെപിയിൽ പോയത് തെറ്റായിപ്പോയെന്നും ആ തെറ്റ് ഇപ്പോൾ തിരുത്തുന്നുവെന്നും പത്മജ വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപിയുടെ ആശയങ്ങള്‍ പഠിക്കാതെ എടുത്തുചാടിയെന്നും പത്മജ പറഞ്ഞു. രാജിക്കാര്യം ആദ്യം അറിയിച്ചത് കെ മുരളീധരനെ മാത്രമെന്ന് വെളിപ്പെടുത്തിയ പത്മജ ചേട്ടനെ തിരിച്ചുകിട്ടി, അതാണ് സന്തോഷമെന്നും കൂട്ടിച്ചേര്‍ത്തു. പദവി കിട്ടാത്തതിനാലല്ല രാജിയെന്നും പത്മജ കൂട്ടിച്ചേർത്തു. ബിജെപി വാഗ്ദാനമൊന്നും നൽകിയിരുന്നില്ല. താനൊന്നും ആവശ്യപ്പെട്ടിട്ടുമില്ല. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നു. കോൺഗ്രസിലെ പദവി കണ്ടല്ല രാജിയെന്നും ആരുമായും തർക്കത്തിനില്ലെന്നും പത്മജ പറഞ്ഞു.

എതിർപ്പുമായി ജിന്റോ ജോൺ പത്മജ കോൺഗ്രസിലേക്ക് തിരിച്ചുവരുന്നതിൽ എതിർപ്പ് പരസ്യമാക്കിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. കോൺഗ്രസിൽ ‘നെപ്പോ കിഡ്ഡു’കളുടെ കാലം കഴിഞ്ഞെന്നും ഇതുവരെ കോൺഗ്രസിലേക്ക് വരുമെന്ന് പറയാത്തവർക്ക് വേണ്ടിയടക്കം പരവതാനി വിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.ബിജെപിയടക്കമുള്ള പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്ക് തിരികെ വരാൻ തിരക്കുകൂട്ടുന്നവർ പൊടിക്ക് അടങ്ങണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം സാധാരണ പ്രവർത്തകരെ കേൾക്കാൻ നേതൃത്വം തയ്യാറാകണമെന്നും പറഞ്ഞു. നേതാക്കളെ ആക്ഷേപിച്ച് ഇറങ്ങിപ്പോയവർ തിരികെ വരുമ്പോൾ പൊളിറ്റിക്കൽ ക്ലാരിറ്റി വരുത്തണം. ആക്ഷേപിച്ച് ഇറങ്ങിപ്പോയവർക്ക് തോന്നുമ്പോൾ തിരികെ കയറി വരാൻ കോൺഗ്രസ് പാർട്ടി വഴിയമ്പലമല്ലെന്നും ജിന്റോ ജോൺ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button