News

വി.ഇ.എച്ച് വൈദ്യുതി കരാർ അഴിമതി: പകൽക്കൊള്ളയ്ക്ക് മുഖ്യമന്ത്രി നേരിട്ട് ഉത്തരവിട്ടെന്ന് ആരോപണം

വി.ഇ.എച്ച് – ഹിമാചൽ പ്രദേശ് വൈദ്യുതി കരാറുകളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. മുഖ്യമന്ത്രി നേരിട്ട് ഉത്തരവ് നൽകിയ രണ്ട് ഇടപാടുകളും അതീവ ദുരൂഹമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആരോപിച്ചു. എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി നടപ്പിലാക്കിയ ഈ കരാറുകൾ പകൽക്കൊള്ളയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നാല് രൂപയിൽ താഴെ മാത്രം ലഭിക്കേണ്ട കാറ്റാടി വൈദ്യുതി, യാതൊരുവിധ ടെൻഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ കൂടാതെ യൂണിറ്റിന് 11 രൂപ നിരക്കിൽ വാങ്ങാൻ വി.ഇ.എച്ച് ഗ്ലോബൽ കമ്പനിയുമായി ഉണ്ടാക്കിയ കരാർ വലിയ സാമ്പത്തിക നഷ്ടത്തിന് വഴിവെച്ചു. 496 കോടി രൂപയുടെ ഈ ഇടപാടിൽ പെരുപ്പിച്ചു കാണിച്ച വിലയിലൂടെ മാത്രം സംസ്ഥാനത്തിന് കുറഞ്ഞത് 252 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

കൂടാതെ, ഹിമാചൽ പവർ കോർപ്പറേഷനിൽ നിന്നുള്ള വൈദ്യുതി എനർജി എക്സ്ചേഞ്ചിലെ നിരക്കനേക്കാൾ ഏറ്റവും കൂടിയ വിലയായ 14.5 രൂപയ്ക്കാണ് കെ.എസ്.ഇ.ബി വാങ്ങിയത്. ഒക്ടോബറിൽ മാത്രം 282 കോടി രൂപയുടെ വൈദ്യുതിയാണ് ഈ കരാർ പ്രകാരം ഹിമാചലിൽ നിന്നും വാങ്ങിയത്. നിയമ-ധന വകുപ്പുകളുടെ പരിശോധനകൾ പോലുമില്ലാതെ ഫയലുകളിൽ ശരവേഗത്തിൽ മുഖ്യമന്ത്രി നേരിട്ട് ഉത്തരവ് നൽകിയതിലൂടെ ഈ രണ്ട് ഇടപാടുകളുടെയും ദുരൂഹത വ്യക്തമാണെന്ന് അദ്ദേഹം വിശദമാക്കി.

കെ.എസ്.ഇ.ബി ചെയർമാനും പവർ സെക്രട്ടറിയും ഒരാൾ തന്നെയായിരുന്നു എന്നത് ചൂണ്ടിക്കാട്ടി, വി.ഇ.എച്ച് ഗ്ലോബലുമായുള്ള ഇടപാട് കേവലം ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ തലത്തിൽ മാത്രം നടന്നതാണെന്ന് വരുത്തിതീർക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി കണ്ട് അംഗീകരിച്ച ശേഷമാണ് വൈദ്യുതി വാങ്ങാനുള്ള സർക്കാരിന്റെ നിർദ്ദേശം നൽകിയതെന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കുന്ന ഫയൽ നീക്കങ്ങൾ ഇതിനകം പുറത്തു വന്നിട്ടുണ്ടെന്ന് പിണറായി വിജയൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് അത്തരം ഒരു കരാറിൽ ഏർപ്പെടാൻ യാതൊരു അടിയന്തര സാഹചര്യവും ഉണ്ടായിരുന്നില്ല എന്നതാണ് പ്രധാന വിഷയം. ഒരുപക്ഷേ അടിയന്തിര സാഹചര്യം ഉണ്ടായിരുന്നെങ്കിൽ തന്നെ വൈദ്യുതി ഉറപ്പുനൽകുന്ന കരാറുകളിലല്ലേ ഏർപ്പെടേണ്ടിയിരുന്നത്. എന്നാൽ ഈ കരാർ പ്രകാരം 17 ദിവസം മാത്രമേ വൈദ്യുതി ലഭിച്ചുള്ളൂ എന്നും, വാഗ്ദാനം ചെയ്തതിന്റെ പത്തു ശതമാനം വൈദ്യുതി പോലും ആകെ കിട്ടിയില്ലെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പോലും മറികടന്ന് യാതൊരു പ്രയോജനവുമില്ലാത്ത ഇത്തരമൊരു കരാറിൽ ഏർപ്പെടാൻ കാരണമെന്താണെന്ന് സർക്കാർ വ്യക്തമാക്കണം.

നവംബർ പത്താം തീയതി നൽകിയ പത്രക്കുറിപ്പിൽ ജി.എൻ.എ. കരാർ റദ്ദാക്കിയതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിറ്റേ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ഈ വിഷയം പരാമർശിക്കാൻ പോലും തയ്യാറായില്ല. ഉന്നയിക്കപ്പെട്ട ഗുരുതരമായ ചോദ്യങ്ങളിൽ മുഖ്യമന്ത്രി ഇപ്പോഴും മൗനം തുടരുകയാണ്.

അപ്രധാന വിഷയങ്ങളിൽ തൂങ്ങി പ്രധാന വിഷയങ്ങളിൽ നിന്നും ഒളിച്ചോടുന്ന അദ്ദേഹത്തിന്റെ സ്ഥിരം ശൈലി ഇവിടെ അംഗീകരിക്കാനാകില്ല. വി.ഇ.എച്ച് ഗ്ലോബലുമായുള്ള കരാറുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷൻ ഉന്നയിച്ച 15 ചോദ്യങ്ങളും സർക്കാരിന്റെ വഴിവിട്ട നീക്കങ്ങളെയാണ് വെളിപ്പെടുത്തുന്നത്. വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ സംസ്ഥാനം സ്വീകരിച്ച നടപടികൾ ജനങ്ങൾക്ക് അമിതഭാരവും ദുരിതവുമാണ് സമ്മാനിച്ചത്. അതിനാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തുവിടാനും, സമഗ്രമായ ഒരു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാനും സർക്കാർ തയ്യാറാകണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button