News

മൂന്നിരട്ടി വിലയ്ക്ക് വൈദ്യുതി വാങ്ങിയതിൽ കെഎസ്ഇബിയോട് വിശദീകരണം തേടി റെഗുലേറ്ററി കമ്മിഷൻ

മൂന്നിരട്ടി വിലയ്ക്ക് വൈദ്യുതി വാങ്ങിയ സംഭവത്തിൽ കെഎസ്ഇബിയോട് വിശദീകരണം തേടി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ. യൂണിറ്റിന് 11 രൂപ നിരക്കിൽ വിഇഎച്ച് ഗ്ലോബൽ കമ്പനിയിൽനിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയതിലാണ് കമ്മിഷന്റെ ഇടപെടൽ. കാറ്റിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് ശരാശരി 4 മുതൽ 4.50 രൂപ വരെ വിലയുള്ളപ്പോഴാണ് 11 രൂപയ്ക്ക് വൈദ്യുതി വാങ്ങിയതെന്നത് വിവാദമായത്.

ടെൻഡർ നടപടികൾ സ്വീകരിക്കാതെയും മുൻകൂർ അനുമതി തേടാതെയും വൈദ്യുതി വാങ്ങിയതിന്റെ സാഹചര്യം വിശദീകരിക്കണമെന്നാണ് കമ്മിഷന്റെ നിർദേശം. കെഎസ്ഇബി നൽകിയ വിശദീകരണത്തിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി 15ഓളം ചോദ്യങ്ങളാണ് കമ്മിഷൻ ഉന്നയിച്ചിരിക്കുന്നത്. വൈദ്യുതി വാങ്ങി ഒന്നര മാസത്തോളം കഴിഞ്ഞാണ് അനുമതിക്കായി അപേക്ഷ സമർപ്പിച്ചത്. അടിയന്തര സാഹചര്യങ്ങളിൽ ടെൻഡർ ഒഴിവാക്കി വൈദ്യുതി വാങ്ങിയാൽ 15 ദിവസത്തിനകം റെഗുലേറ്ററി കമ്മിഷന്റെ അനുമതി തേടണമെന്നാണ് ചട്ടം. നവംബർ 18നകം മറുപടി നൽകാനാണ് നിർദേശം.

ഇടപാടിൽ യൂണിറ്റിന് 11 രൂപ നിരക്ക് നിശ്ചയിച്ചതിന്റെ അടിസ്ഥാനമെന്താണെന്നും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാനുള്ള സാധ്യതകൾ പരിശോധിച്ചിരുന്നോയെന്നും കമ്മിഷൻ ചോദിച്ചിട്ടുണ്ട്. വിഇഎച്ച് ഗ്ലോബലിന്റെ അധികാരം, വൈദ്യുതിയുടെ ഉൽപാദന കേന്ദ്രം, കരാറിന്റെ നിയമസാധുത എന്നിവ സംബന്ധിച്ചും വിശദീകരണം തേടിയിട്ടുണ്ട്.

അന്നത്തെ കെഎസ്ഇബി ചെയർമാനും ഊർജ സെക്രട്ടറിയുടെ അധിക ചുമതലയും വഹിച്ചിരുന്ന എം.ജി. രാജമാണിക്യത്തിന്റെ നടപടികളും വിവാദത്തിൽ ചർച്ചയാകുന്നുണ്ട്. കരാറിനുള്ള അനുമതി തേടിയതും പിന്നീട് ഊർജ സെക്രട്ടറിയെന്ന നിലയിൽ അനുമതി നൽകിയതും രാജമാണിക്യം തന്നെയാണെന്നാണ് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നത്.

വൈദ്യുതി വാങ്ങൽ ഇടപാടിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. കരാർ ഒപ്പിട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും വിഇഎച്ച് ഗ്ലോബലുമായി കരാർ ഒപ്പിട്ടിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇടപാടിലെ വിലനിർണയം, നടപടിക്രമങ്ങൾ, സാമ്പത്തിക ബാധ്യത എന്നിവയിൽ കെഎസ്ഇബി നൽകുന്ന വിശദീകരണം നിർണായകമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button