പേരൂർക്കട ആശുപത്രിയിലെ ബൈസ്റ്റാൻഡർ വാർഡിൽ പൂച്ചകളും ചത്ത എലിയും; ആരോഗ്യ മന്ത്രി വിശദീകരണം തേടി

തിരുവനന്തപുരം: പേരൂർക്കട ആശുപത്രിയിലെ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിന് സമീപത്തെ ബൈസ്റ്റാൻഡർ വാർഡിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവത്തിൽ ആശുപത്രി അധികൃതരിൽനിന്ന് വിശദീകരണം തേടി ആരോഗ്യ മന്ത്രി കെ മുരളീധരൻ.
ഏറെക്കാലമായി നവീകരണം നടത്താത്ത വാർഡിൽ അടുത്തിടെയുണ്ടായ കനത്ത മഴയെ തുടർന്ന് ഭിത്തികളിൽ ഈർപ്പം വർധിക്കുകയും പെയിന്റ് അടർന്നുവീഴുന്ന സാഹചര്യമുണ്ടാകുകയും ചെയ്തു. ഇതേത്തുടർന്ന് ഇവിടം സുരക്ഷിതമല്ലെന്ന് വിലയിരുത്തി ഒരാഴ്ചയായി ഉപയോഗിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ബൈസ്റ്റാൻഡർ വാർഡിനുള്ളിൽ പൂച്ചകളുടെയും എലിയുടെയും സാന്നിദ്ധ്യമുണ്ടായത് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.നിലവിൽ വാർഡ് പൂർണമായും അണുവിമുക്തമാക്കിയിട്ടുണ്ട്. മന്ത്രിയുടെ നിർദ്ദേശപ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചുള്ള അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണ് ബൈസ്റ്റാൻഡർ വാർഡ് അടച്ചത്. അടിയന്തരമായി ഫണ്ട് ലഭ്യമാക്കി അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് മന്ത്രി ആവശ്യപ്പെട്ടു.എൻ.എച്ച്.എം ഫണ്ടിൽ നിന്ന് 36 ലക്ഷം രൂപ ഉപയോഗിച്ച് ആശുപത്രിയിലെ ഒരു കെട്ടിടം ആരോഗ്യവകുപ്പ് നവീകരിച്ചിരുന്നു.
എൻ. എച്ച്. എമ്മിൽ കൂടുതൽ ഫണ്ട് ലഭ്യമല്ലാത്തതിനാലാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന പേരൂർക്കട ജില്ലാ മാതൃക ആശുപത്രിയിലെ ശേഷിക്കുന്ന അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ജില്ലാ പഞ്ചായത്തിന് സമീപിച്ചത്. അറ്റകുറ്റപ്പണികളും ആശുപത്രി പരിസര ശുചീകരണ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്തിനോടും ആശുപത്രി സൂപ്രണ്ടിനോടും മന്ത്രി കെ മുരളീധരൻ ആവശ്യപ്പെട്ടു.
വാർഡിലെ കേടായ കിടക്കകൾ ഉൾപ്പെടെ മാറ്റി പുതിയവ ഉടൻ സ്ഥാപിച്ച് ബൈസ്റ്റാൻഡർ വാർഡ് തുറന്നു നൽകണം. രോഗികളുടെ സുരക്ഷയ്ക്കും ആശുപത്രികളിലെ ശുചിത്വത്തിനും അണുബാധ നിയന്ത്രണത്തിനും സർക്കാർ ഉയർന്ന പ്രാധാന്യമാണ് നൽകുന്നത്. ഇക്കാര്യത്തിൽ വീഴ്ചകൾ അനുവദിക്കില്ല. ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറി നിൽക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.




