News

ഗൾഫിൽ കാണുന്ന കൃത്യനിഷ്ഠ നാട്ടിലുമുണ്ടാകണം; കേരളത്തിന് പുതിയ റോഡ് സംസ്കാരം വേണമെന്ന് മുഖ്യമന്ത്രി

കേരളത്തിന് മികച്ചൊരു റോഡ് സംസ്കാരം ഉണ്ടാകണമെന്നും റോഡ് സുരക്ഷ വലിയൊരു ദൗത്യമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. എറണാകുളം ടൗൺ ഹാളിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘ജീവ-സുയാത്ര’ റോഡ് സുരക്ഷാ മിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർ ഗൾഫിൽ എത്തുമ്പോൾ അറബികളെക്കാൾ കൃത്യനിഷ്ഠയോടെയാണ് വണ്ടിയോടിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മദ്യപിച്ച് വണ്ടിയോടിച്ചാൽ പിടിക്കപ്പെടുമെന്നായപ്പോൾ ഭാര്യമാരെ ഡ്രൈവിംഗ് പഠിപ്പിച്ചവർ, പരിശോധന കുറഞ്ഞതോടെ വീണ്ടും സ്വയം ഡ്രൈവിംഗ് ഏറ്റെടുത്തു. വാഹനങ്ങളുടെ നിറത്തിലല്ല, മറിച്ച് അപകടകരമായ രീതിയിലുള്ള രൂപമാറ്റങ്ങളിലും അലങ്കാരങ്ങളിലുമാണ് പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കി.

റോഡ് നിയമങ്ങൾ കർശനമാക്കുമെന്നും ഇതിന്റെ പേരിൽ ജനരോഷമുണ്ടായാൽ മുഴുവൻ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നിയമലംഘകർക്ക് വേണ്ടി താനടക്കമുള്ള ഒരാളും ശുപാർശയുമായി വിളിക്കില്ലെന്നും പൊലീസിന് മുഖം നോക്കാതെ നടപടിയെടുക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്തെ റോഡുകളിൽ പ്രകടമായ മാറ്റമുണ്ടാകണം. വാഹനങ്ങളെ ഏറെ പ്രണയിക്കുന്ന മമ്മൂട്ടി ഗൾഫിലായാലും നാട്ടിലായാലും വളരെ ഭംഗിയായി വാഹനമോടിക്കുന്ന വ്യക്തിയാണെന്നും മുഖ്യമന്ത്രി പ്രശംസിച്ചു.

അതേസമയം, തന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ലെന്നും പണ്ട് ആവേശത്തോടെ വേഗത്തിൽ വണ്ടിയോടിച്ചിരുന്ന ആളാണ് താനെന്നും ചടങ്ങിൽ പങ്കെടുത്ത മമ്മൂട്ടി തമാശരൂപേണ പറഞ്ഞു. റോഡ് അപകടങ്ങൾക്ക് പ്രധാന കാരണം മനുഷ്യസഹജമായ പിഴവുകളാണ്. സ്വന്തം വീട്ടുമുറ്റത്ത് നടക്കുന്നതുപോലെയാണ് പലരും റോഡിലൂടെ നടക്കുന്നതെന്നും ഫുട്പാത്തുകൾ പോലും കാൽനടയാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബസ്സുകളുടെ മത്സരയോട്ടം ഒഴിവാക്കാൻ സമയക്രമത്തിലോ റൂട്ടുകളിലോ മാറ്റം വരുത്തുന്നത് പരിഗണിക്കാവുന്നതാണ്. അഭ്യാസപ്രകടനങ്ങൾ നടത്തേണ്ടത് പൊതുറോഡിലല്ല, അതിന് പ്രത്യേക സ്ഥലങ്ങളുണ്ട്. തിരക്കും വാഹനങ്ങളുടെ എണ്ണവും കൂടിയതിനാൽ അടുത്തകാലത്തായി താൻ വാഹനമോടിക്കാറില്ലെന്നും, വീട്ടിൽ കാത്തിരിക്കുന്നവർക്ക് വേണ്ടിയെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണമെന്നും കുട്ടികളെ ചെറുപ്പത്തിലേ സിവിക് സെൻസ് പഠിപ്പിക്കണമെന്നും മമ്മൂട്ടി ഓർമ്മിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button