News
എംജി സർവകലാശാലയിലെ മാധ്യമവിലക്ക് ജനാധിപത്യവിരുദ്ധം; ഉത്തരവ് പിൻവലിക്കണമെന്ന് മന്ത്രി റോജി എം. ജോൺ

കോട്ടയം: എംജി സർവകലാശാല ക്യാമ്പസിൽ മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ രംഗത്ത്. സർവകലാശാലയിൽ മാധ്യമപ്രവർത്തകർ പ്രവേശിക്കുന്നതിനും വാർത്തകൾ ശേഖരിക്കുന്നതിനും വൈസ് ചാൻസലറുടെ മുൻകൂർ അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും ഇത് ഏകാധിപത്യ പ്രവണതയുടെ ഭാഗമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
സർവകലാശാലകളിൽ ഇത്തരം ഏകാധിപത്യ നടപടികൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മാധ്യമ സ്വാതന്ത്ര്യം പൂർണ്ണമായി സംരക്ഷിക്കപ്പെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാൻ ആര് ശ്രമിച്ചാലും അത്തരം നീക്കങ്ങളെ ശക്തമായി എതിർക്കുമെന്നും, വിവാദ ഉത്തരവ് സർവകലാശാല അധികൃതർ അടിയന്തരമായി പിൻവലിക്കാൻ തയ്യാറാകണമെന്നും റോജി എം ജോൺ വ്യക്തമാക്കി.




