News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കില്ല,​ ഹർജി തള്ളി കോടതി

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തള്ളി കോടതി. സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കേസിലെ 16-ാം പ്രതിയുമായ ഐ പി ബിനു, ഒന്നാം പ്രതി നിധിൻ രാജ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിന്റേതാണ് ഉത്തരവ്.

പ്രതികൾ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് പൊലീസ് കോടതിയെ സമീപിച്ചത്. കേസിൽ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ പ്രതികൾ അവിടെ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തതാണ് പുതിയ വിവാദങ്ങൾക്ക് വഴിവച്ചത്.പ്രതികൾ ഊ‌ഞ്ഞാലാടുന്നതിന്റെയും ചെണ്ടമേളത്തിൽ പങ്കെടുക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ വിവാദമായിരുന്നു.

ഇതോടെയാണ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്.മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം പാളയത്ത് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. കേസിൽ 27 പേർ മാത്രമാണ് പിടിയിലായത്. 68 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button