ബസ് ചാർജും കൺസെഷനും വർധിപ്പിക്കില്ല; ബസുടമകളുടെ മറ്റ് ആവശ്യങ്ങൾ പരിഗണിക്കുമെന്ന് സർക്കാർ

തിരുവനന്തപുരം: ചാർജ് വർദ്ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം തള്ളി ഗതാഗത മന്ത്രി സി പി ജോൺ. സംസ്ഥാനത്ത് ബസ് ചാർജ്, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് എന്നിവ വർദ്ധിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങളൊഴിച്ച് ബസുടമകളുടെ മറ്റ് ഏതാവശ്യവും പരിഗണിക്കുമെന്നും മന്ത്രി ഒരു വാർത്താ ചാനലിനോട് പറഞ്ഞു.
ബസുടമകളിൽ തന്നെ ഒരു വിഭാഗം നിരക്ക് വർദ്ധനവിന് എതിരാണ്. നിരക്ക് കൂട്ടിയാൽ യാത്രക്കാർ കുറയുമെന്നും സ്വകാര്യ വാഹനങ്ങളിലേയ്ക്ക് മാറുമെന്നും ബസുടമകൾ സംശയിക്കുന്നതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മുപ്പതിനായിരം ബസുകൾ ഉണ്ടായിരുന്നത് 8000 ആയി കുറഞ്ഞെന്നും സിപി ജോൺ വ്യക്തമാക്കി. ഓട്ടോ-ടാക്സി നിരക്ക് കൂട്ടണമെന്നാണ് സർക്കാരിന്റെയും അഭിപ്രായം.
2022 ലാണ് അവസാനമായി ഇവരുടെ നിരക്ക് നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു.കൗമാരക്കാർ ഉൾപ്പെടുന്ന വാഹനാപകടങ്ങളിൽ രക്ഷിതാക്കൾക്ക് കൃത്യമായ ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. അപകടങ്ങൾ സംഭവിക്കുമ്പോൾ അറിഞ്ഞില്ലെന്ന് പറഞ്ഞ് രക്ഷിതാക്കൾക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.




