കൊലക്കേസ് പ്രതിക്കൊപ്പം സന്ദീപ് വാര്യരും യുഡിഎഫ് നേതാക്കളും; ചിത്രം പുറത്തുവന്നതോടെ വിശദീകരണവുമായി എംഎൽഎ

കാസർകോട്: കൊലക്കേസ് പ്രതിക്കൊപ്പമുള്ള യുഡിഎഫ് നേതാക്കളുടെ ചിത്രങ്ങൾ പുറത്ത്. കാസർകോട് അബൂബക്കർ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഹമ്മദ് റയീസിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഗൾഫിൽ നടന്ന ജുവലറി ഉദ്ഘാടന ചടങ്ങിനിടെ പകർത്തിയ ചിത്രമാണിത്.
സന്ദീപ് വാര്യർ എംഎൽഎ, എകെഎം അഷ്റഫ് എംഎൽഎ, എൻ എ നെല്ലിക്കുന്ന് എന്നിവരാണ് അഹമ്മദ് റയീസിനൊപ്പം ചിത്രത്തിലുള്ളത്. എന്നാൽ, ചിത്രത്തിലുള്ള ആളെ തനിക്ക് അറിയില്ലെന്നാണ് സന്ദീപ് വാര്യരുടെ പ്രതികരണം. കെഎംസിസിയുടെ പരിപാടിക്കായാണ് വിദേശത്തേക്ക് പോയത്.
ശേഷം മഞ്ചേശ്വരം എംഎൽഎയോടൊപ്പം ജുവലറി ഉദ്ഘാടനത്തിനായി പോയി. അവിടെവച്ച് നിരവധിയാളുകൾ ഫോട്ടോ എടുത്തിട്ടുണ്ട്. അതിൽ ഒരാളായിരിക്കാം ഇതെന്നും സന്ദീപ് വാര്യർ പറഞ്ഞു. കുമ്പള മുഗു സ്വദേശിയായ അബൂബക്കർ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അഹമ്മദ് റയീസ്.




