യു.ഡി.എഫിലെ തർക്കം താൽക്കാലികം മാത്രം; പ്രശ്നങ്ങൾ മുഖ്യമന്ത്രിയും സണ്ണി ജോസഫും പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: യു.ഡി.എഫിൽ അഭിപ്രായഭിന്നതകൾ രൂക്ഷമാണെന്ന വാർത്തകൾ തള്ളി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി സണ്ണി ജോസഫും ചേര്‍ന്ന് ഉടൻ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉയർന്നുവന്ന വാർത്തകൾ ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും വരുംദിവസങ്ങളിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നത് കാണാമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
അടൂർ പ്രകാശ് ഉയർത്തിയ വിമർശനങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. പാർട്ടിയിലെ പരസ്യപ്രതികരണങ്ങളെക്കുറിച്ച് വീണ്ടും പരസ്യമായി പറയുന്നതിനോട് യോജിപ്പില്ലെന്നും, പാർട്ടിയുടെ അച്ചടക്കം പാലിക്കുന്ന വ്യക്തി എന്ന നിലയിൽ പറയേണ്ട കാര്യങ്ങൾ പറയേണ്ട വേദികളിൽ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങളുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച കെ.സി. വേണുഗോപാൽ, രാജ്യത്ത് വോട്ട് ചോർച്ചയ്‌ക്കെതിരെ വലിയ പോരാട്ടങ്ങൾ നടക്കുമ്പോൾ യു.ഡി.എഫിലെ നിസ്സാര തർക്കങ്ങളിലാണ് മാധ്യമശ്രദ്ധയെന്ന് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെയും ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടങ്ങളിലുമാണ് നിലവിൽ തൻ്റെ ശ്രദ്ധ മുഴുവനെന്നും വേണുഗോപാൽ വ്യക്തമാക്കി.




