തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാജിയില്ല; ട്രംപിന്റെ കാലാവധി തീരും വരെ തുടരുമെന്ന് മാർക്കോ റൂബിയോ

ന്യൂയോർക്ക്: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ളിക്കൻ പാർട്ടി പരാജയപ്പെട്ടതിന് പിന്നാലെ നേതൃമാറ്റമുണ്ടാകുമെന്ന വാർത്ത പ്രചരിച്ചിരുന്നു. ബ്ളൂംബർഗ് റിപ്പോർട്ടനുസരിച്ച് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥാനമൊഴിയുമെന്നും 2028ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമെന്നും വാർത്ത വന്നിരുന്നു. എന്നാൽ ഇതെല്ലാം അടിസ്ഥാനരഹിതമെന്നും താൻ തുടരുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് റൂബിയോ.
പ്രസിഡന്റ് ട്രംപിനുവേണ്ടി അദ്ദേഹത്തിന്റെ കാലാവധി കഴിയുംവരെ പ്രവർത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ടൈംസിന് നൽകിയ അഭിമുഖത്തിൽ മാർക്കോ റൂബിയോ വ്യക്തമാക്കി. സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തിന് പുറമേ ട്രംപിന്റെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവും റൂബിയോയാണ്.ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി റിപബ്ളിക്കൻ പാർട്ടി സ്ഥാനാർത്ഥിക്കായി റൂബിയോ കളത്തിലിറങ്ങിയിരുന്നു. മുൻപ് ഈ പതിവില്ലാത്തതിനാൽ റൂബിയോ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രതീതി ഇതോടെ ഉണ്ടായി.
‘2028നെക്കുറിച്ച് ഞാൻ ഒന്നും പറയില്ല.’ എന്നാണ് റൂബിയോ ഇതേക്കുറിച്ച് പറഞ്ഞത്.റിപ്പബ്ലിക്കന്റെ പരാജയത്തെത്തുടർന്ന്, ട്രംപ് ഭരണകൂടത്തിലെ നേതൃസ്ഥാനങ്ങളിൽ അഴിച്ചുപണിയെന്ന റിപ്പോർട്ട് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും വൈറ്റ് ഹൗസും ഒരുപോലെ തള്ളി. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് പകരമായി ഇന്ത്യയിലെ യു.എസ് അംബാസഡറായ സെർജിയോ ഗോറിനെ പരിഗണിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വൈറ്റ് ഹൗസ് ചീഫ് ഒഫ് സ്റ്റാഫ് സ്ഥാനത്തേക്കും ഗോറിന്റെ പേര് വന്നെന്നും വാർത്തകൾ വന്നു. എന്നാൽ റിപ്പോർട്ട് സെർജിയോയും വൈറ്റ് ഹൗസും തള്ളി.




