News

വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് എസ്ഐടി; ഗൺമാന്റെ മൊഴിമാറ്റം നിർണായകമായി

കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ട്. ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന് തെളിവില്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കേസിൽ വീണാ ജോർജിന്റെ മുൻ ഗൺമാൻ എം.എസ്. അഭിലാഷിന്റെ മൊഴിമാറ്റം നിർണായകമായതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കെഎസ്‌യു പ്രവർത്തകർ വീണാ ജോർജിനെ ആയുധം ഉപയോഗിച്ച് ആക്രമിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നാണ് അഭിലാഷ് അന്വേഷണസംഘത്തിന് നൽകിയ പുതിയ മൊഴി. വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് ആക്രമണശ്രമം നടന്നതായി പരാതി നൽകിയതെന്നും ഇയാൾ മൊഴി നൽകിയതായാണ് റിപ്പോർട്ട്. നേരത്തെ ആക്രമണം നേരിട്ട് കണ്ടെന്നായിരുന്നു ഗൺമാന്റെ മൊഴി. ഇതിലെ വൈരുധ്യമാണ് അന്വേഷണത്തിൽ നിർണായകമായത്.

റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായെങ്കിലും പ്രവർത്തകർക്ക് വീണാ ജോർജിന്റെ അടുത്തെത്താൻ കഴിഞ്ഞിരുന്നില്ലെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. മന്ത്രിക്കെതിരെ ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നതിന് തെളിവുകളില്ലെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.

2026 ഫെബ്രുവരി 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. തുടർന്ന് ആയുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. ഇവർ 16 ദിവസം റിമാൻഡിൽ കഴിയുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു.

എസ്ഐടി തലവൻ യു. പ്രേമൻ വിരമിച്ച ദിവസമാണ് അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്. ഗൺമാന്റെ മൊഴിമാറ്റം ഉൾപ്പെടെയുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കേണ്ടത് ഡിജിപിയാണ്. കേസിന്റെ ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരുടെ നടപടികളും പരിശോധിക്കപ്പെടാൻ സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button