News

എക്സൈസ് ചെക്ക്‌പോസ്റ്റിൽ മദ്യലഹരിയിൽ ഉദ്യോഗസ്ഥൻ; പ്രിവന്റീവ് ഓഫീസർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കള്ളിക്കാട് എക്സൈസ് ചെക്ക്‌പോസ്റ്റിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന റിപ്പോർട്ടിനെ തുടർന്ന് പ്രിവന്‍റീവ് ഓഫീസറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കള്ളിക്കാട് എക്സൈസ് ചെക്ക്‌പോസ്റ്റിലെ പ്രിവന്‍റീവ് ഓഫീസർ കെ.എസ്. ഷിൻരാജിനെതിരെയാണ് തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ നടപടിയെടുത്തത്.

ബുധനാഴ്ച കള്ളിക്കാട് എക്സൈസ് ചെക്ക്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മദ്യപിച്ച് അബോധാവസ്ഥയിലാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും ഉച്ചകഴിഞ്ഞ് 2:30-ഓടെ ചെക്ക്‌പോസ്റ്റിലെത്തി പരിശോധന നടത്തിയപ്പോൾ ഡ്യൂട്ടി പോയിന്‍റിലും ചെക്ക്‌പോസ്റ്റിലെ കണ്ടെയ്‌നർ മോഡ്യൂളിലും ഉദ്യോഗസ്ഥരെ കണ്ടെത്താനായില്ല.

ജനറൽ ഡയറി പരിശോധിച്ചപ്പോൾ രാവിലെ ഒൻപത് മണിക്ക് പ്രിവന്‍റീവ് ഓഫീസർ കെ.എസ്. ഷിൻരാജ് ഡ്യൂട്ടിയിൽ പ്രവേശിച്ചതായി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ചെക്ക്‌പോസ്റ്റിലും പരിസരങ്ങളിലും നടത്തിയ തിരച്ചിലിനൊടുവിൽ ജീവനക്കാർ വിശ്രമത്തിനായി ഉപയോഗിക്കുന്ന വാടകക്കെട്ടിടത്തിൽ യൂണിഫോമിൽ ഷിൻരാജിനെ കണ്ടെത്തിയതായി ഉത്തരവിൽ വ്യക്തമാക്കുന്നു.

ഡ്യൂട്ടി സമയത്ത് വിശ്രമമുറിയിൽ ഉണ്ടായിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തതയില്ലാത്ത മറുപടിയാണ് നൽകിയതെന്നും പെരുമാറ്റത്തിൽ മദ്യപിച്ചതായി സംശയം തോന്നിയതായും റിപ്പോർട്ടിലുണ്ട്.തുടർന്ന് ഡ്യൂട്ടിക്ക് പകരം മറ്റൊരു സിവിൽ എക്സൈസ് ഓഫീസറെ നിയോഗിച്ച ശേഷം ഷിൻരാജിനെ വൈദ്യപരിശോധനയ്ക്കായി മലയിൻകീഴ് താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്‌സ് ആശുപത്രിയിലെത്തിച്ചു.

പ്രാഥമിക പരിശോധനയിൽ മദ്യപിച്ചതായി ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയതായും ഉത്തരവിൽ പറയുന്നു. ഡ്യൂട്ടി സമയത്ത് മദ്യപിച്ച നിലയിൽ കണ്ടെത്തിയ നടപടി ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവുമാണെന്ന് വിലയിരുത്തിയാണ് തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സൂരജ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button