Kerala

ശബരിമല നെയ് ക്രമക്കേട്; അറസ്റ്റിലായ കരാറുകാരനെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു

കൊല്ലം: ശബരിമല മിൽമ നെയ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ട്രാൻസ്പോർട്ട് കരാറുകാരൻ എസ്.എസ്. ബിനുവിനെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയാണ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും തമിഴ്നാട്ടിൽ ഉൾപ്പെടെ എത്തിച്ച് തെളിവുകൾ ശേഖരിക്കുന്നതിനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ശബരിമല സന്നിധാനത്ത് എത്തിക്കേണ്ടിയിരുന്ന 11,040 കിലോഗ്രാം മിൽമ നെയ് തമിഴ്നാട്ടിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്ക് മറിച്ചുവിറ്റെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ശ്രീ വെങ്കിടേശ്വര ട്രേഡേഴ്‌സ്, ലിയോ ട്രേഡേഴ്‌സ് എന്നീ സ്ഥാപനങ്ങൾക്കാണ് നെയ് വിറ്റതെന്നാണ് കേസ്. നെയ് കടത്തുന്നതിനായി വ്യാജ ഇൻവോയിസുകളും വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പറുകളിൽ കൃത്രിമവും നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.

ശബരിമലയിലെ അരവണ പ്രസാദം തയ്യാറാക്കുന്നതിനായി എത്തിക്കേണ്ടിയിരുന്ന യഥാർഥ മിൽമ നെയ് മാറ്റി പകരം ഗുണനിലവാരം കുറഞ്ഞ നെയ് എത്തിച്ചെന്നാണ് കണ്ടെത്തൽ. ക്രമക്കേടിലൂടെ ദേവസ്വം ബോർഡിന് ഏകദേശം രണ്ടര കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം. നെയ് മറിച്ചുവിറ്റതിലൂടെ കരാറുകാരന് ഏകദേശം 50 ലക്ഷം രൂപയുടെ അനധികൃത ലാഭമുണ്ടായെന്നും അന്വേഷണ സംഘം ആരോപിക്കുന്നു.

ശബരിമല നെയ് വിതരണത്തിലെ ക്രമക്കേടുകളെക്കുറിച്ച് കേരള ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് വിജിലൻസ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചത്. കേസിൽ അറസ്റ്റിലാകുന്ന ആദ്യ പ്രതിയാണ് എസ്.എസ്. ബിനു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെ കൂടുതൽ പേർക്ക് ക്രമക്കേടിൽ പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ നെയ് വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനാകുമെന്നാണ് വിജിലൻസിന്റെ പ്രതീക്ഷ. കേസിൽ അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button