
കൊച്ചി: നെടുമ്പാശേരി വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളി. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് പ്രതികൾ സെഷൻസ് കോടതിയെ സമീപിച്ചത്.
സുഹൈൽ സജീവ്, നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതികൾ ഇനി ഹൈക്കോടതിയെ സമീപിച്ചേക്കും.
ഒക്ടോബർ 11ന് പുലർച്ചെ നെടുമ്പാശേരിയിൽ സുഹൈൽ ഓടിച്ചിരുന്ന ആഡംബര കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചിരുന്നു. കർണാടക സ്വദേശിയായ മുഹമ്മദ് ഇയാസ് (22), വയനാട് സ്വദേശിനി കെ.വി. ദേവിക (21), പാലക്കാട് സ്വദേശിനി എം.പി. ഗോപിക (22) എന്നിവരാണ് മരിച്ചത്.
അപകടത്തിന് പിന്നാലെ മൂന്നാം പ്രതിയായ ജോയൽ സുഹൃത്തിന് അയച്ച ശബ്ദസന്ദേശം അന്വേഷണത്തിൽ നിർണായക തെളിവായി പൊലീസ് കോടതിയിൽ സമർപ്പിച്ചതായാണ് റിപ്പോർട്ട്. ബാറിൽ കയറി മദ്യപിച്ചതും സുഹൈൽ അതിവേഗത്തിൽ കാർ ഓടിച്ച് സ്കൂട്ടറിലിടിച്ചതും സംബന്ധിച്ച പരാമർശങ്ങൾ ശബ്ദസന്ദേശത്തിലുണ്ടെന്നാണ് റിപ്പോർട്ട്.
അപകടദിവസം പ്രതികൾ വിവിധ ബാറുകളിൽ കയറിയതിന്റെയും മദ്യപിച്ചതിന്റെയും ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചതായും കോടതിയെ അറിയിച്ചിട്ടുണ്ട്. ജാമ്യം അനുവദിക്കരുതെന്ന ആവശ്യത്തിന് പിന്തുണയായി ഈ തെളിവുകളും പൊലീസ് ഹാജരാക്കി. നിലവിൽ പ്രതികൾ കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ട്.



