BlogKerala

അരിയിൽ ഷുക്കൂർ വധക്കേസ്; വിധി നവംബർ 12ന്

കൊച്ചി : കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായ അരിയിൽ ഷുക്കൂർ വധക്കേസിൽ നവംബർ 12ന് വിധി പറയും. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 33 പേർ പ്രതികളായ കേസിലാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി വിധി പ്രസ്താവിക്കുന്നത്.മുസ്‌ലിം ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ അബ്ദുൽ ഷുക്കൂർ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത് പട്ടുവത്ത് പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിനുനേരെ ആക്രമണമുണ്ടായതിന് പിന്നാലെയായിരുന്നു കൊലപാതകം. ആക്രമണത്തിന് പ്രതികാരമായി ഷുക്കൂറിനെ തടഞ്ഞുവെച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.കേസിൽ പി. ജയരാജൻ 32-ാം പ്രതിയും ടി.വി. രാജേഷ് 33-ാം പ്രതിയുമാണ്. ഇരുവർക്കുമെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം മുറിയിൽവെച്ച് ഷുക്കൂറിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ.ഷുക്കൂറിന്റെ കുടുംബം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കേസ് സിബിഐ ഏറ്റെടുത്തത്. നീണ്ട വിചാരണയ്ക്കുശേഷം കേസിൽ വിധി പറയുന്ന തീയതി കോടതി നിശ്ചയിച്ചതോടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ വീണ്ടും കേസിലേക്ക് തിരിഞ്ഞിരിക്കുകയാണ്.കടപ്പാട്: മനോരമ ന്യൂസ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button