News

‘പി. ജയരാജൻ പാർട്ടിയെ ഇല്ലാതാക്കി, കെ. മുരളീധരൻ വീണിടത്ത് കിടന്ന് ഉരുളുന്നു’; വെള്ളാപ്പള്ളി നടേശന്റെ പരാമർശം വിവാദത്തിൽ!

ആലപ്പുഴ: സിപിഎം കണ്ണൂർ നേതാവ് പി. ജയരാജന്റെ രൂക്ഷവിമർശനങ്ങൾക്ക് അതേനാണയത്തിൽ തിരിച്ചു മറുപടി നൽകി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജയരാജന്റെ വിമർശനം താൻ സാരമാക്കുന്നില്ലെന്ന് വ്യക്തമാക്കിയ വെള്ളാപ്പള്ളി, പാർട്ടിയെ നിരന്തരം വിമർശിച്ച് താഴേക്കിടയിലേക്ക് എത്തിച്ച ആളാണ് ജയരാജനെന്ന് കുറ്റപ്പെടുത്തി. വിമർശിച്ച് വിമർശിച്ച് സ്വന്തം തട്ടകത്തിൽ പാർട്ടിയെ എവിടെ എത്തിച്ചെന്ന് എല്ലാവർക്കും അറിയാമെന്ന് അദ്ദേഹം കളിയാക്കി.

എസ്എൻഡിപി യോഗത്തിന്റെയും പിന്നാക്ക വിഭാഗങ്ങളുടെയും വോട്ട് കിട്ടിയതുകൊണ്ട് മാത്രമാണ് സിപിഎമ്മിന് ഇത്രയെങ്കിലും വിജയിക്കാൻ സാധിച്ചത്, അല്ലാത്തപക്ഷം എന്തെങ്കിലും കിട്ടുമായിരുന്നോ എന്നും വെള്ളാപ്പള്ളി ചോദ്യമുയർത്തി. ഇത്തരം വിമർശനങ്ങൾ പാർട്ടിയിലെ ചിലർ മറ്റു ചിലരെ കൊള്ളിക്കാൻ വേണ്ടി മാത്രം പറയുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎമ്മുമായി തങ്ങൾക്ക് നിലവിൽ യാതൊരു അകൽച്ചയുമില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിന്റെ പ്രവർത്തനം ഇനിയും വിലയിരുത്താറായിട്ടില്ലെന്നും സർക്കാരിന് ഇപ്പോൾ മൈനസ് മാർക്ക് നൽകാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യവകുപ്പിനെതിരെയുള്ള ആക്ഷേപങ്ങൾ തുടക്കത്തിലെ ചില സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണ്. എന്നാൽ ആരോഗ്യമന്ത്രി കെ. മുരളീധരനെ കുറിച്ച് പരാമർശിക്കവേ അദ്ദേഹം

കടുത്ത പരിഹാസമാണ് ചൊരിഞ്ഞത്. “പുത്തരിയിൽ കല്ലുകടിച്ചയാളാണ് കെ. മുരളീധരൻ. ആദ്യം തന്നെ സെക്രട്ടറിയെ മാറ്റാൻ നോക്കിയെങ്കിലും അത് നടന്നില്ല, ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണ്” എന്ന് വെള്ളാപ്പള്ളി പറഞ്ഞു. പ്രായോഗിക കാര്യങ്ങളിൽ മുരളീധരന് പാളിച്ച പറ്റിയിട്ടുണ്ടെങ്കിലും ഭരണത്തിന്റെ തുടക്കമായതിനാൽ കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button