News

മകളുടെ വിവാഹവേദിയിൽ രണ്ട് നിർധന കുടുംബങ്ങൾക്ക് ഭൂമിദാനം; മാതൃകയായി പ്രവാസി വ്യവസായി

ക്യാൻസർ രോഗിയായ സുഷമയ്ക്കും ഷൈജാബീവിക്കും അഞ്ചു സെന്റ് വീതം ഭൂമി നൽകി നിസാറുദ്ദീൻ

തിരുവനന്തപുരം: മകളുടെ വിവാഹദിനത്തിൽ രണ്ട് നിർധന കുടുംബങ്ങൾക്ക് വീട് നിർമിച്ച് താമസിക്കാനുള്ള സ്വപ്നം സാക്ഷാത്കരിക്കാൻ ഭൂമി ദാനം ചെയ്ത് പ്രവാസി വ്യവസായി ഇ. നിസാറുദ്ദീൻ. മകൾ ഡോ. നിബിനയുടെയും ഡോ. അഹമ്മദ് ഷായുടെയും വിവാഹവേദിയിലാണ് ആറ്റിങ്ങൽ വാളക്കാട് നിബിന ഫ്യൂവൽസ് എം.ഡിയും വാളക്കാട് എ.എസ്. വില്ലയിൽ താമസക്കാരനുമായ നിസാറുദ്ദീൻ രണ്ട് കുടുംബങ്ങൾക്ക് അഞ്ചു സെന്റ് വീതം ഭൂമി നൽകിയത്.

ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശിനിയും ക്യാൻസർ രോഗിയുമായ സുഷമയ്ക്കും വാളക്കാട് സ്വദേശിനി ഷൈജാബീവിക്കുമാണ് ഭൂമി കൈമാറിയത്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പ്രയാസപ്പെടുന്ന രണ്ട് കുടുംബങ്ങൾക്ക് ഈ സഹായം വലിയ ആശ്വാസമാകും.

നെയ്യാറ്റിൻകര ഗോൾഡൻ പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹച്ചടങ്ങിൽ മുൻ മന്ത്രിയും കെപിസിസി പ്രസിഡന്റും യുഡിഎഫ് കൺവീനറുമായിരുന്ന എം.എം. ഹസ്സനിൽ നിന്ന് സുഷമ ഭൂമിയുടെ സമ്മതപത്രം ഏറ്റുവാങ്ങി. ഷൈജാബീവിക്കുള്ള ഭൂമിയുടെ സമ്മതപത്രം മജ്ലിസ് ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഷംസുലാബ് ദ്ദിൻ മുൻ എംഎൽഎ കെ.എസ്. ശബരീനാഥനിൽ നിന്ന് ഏറ്റുവാങ്ങി.

മജ്ലിസ് ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാരവാഹിയായ നിസാറുദ്ദീൻ കാരുണ്യ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. മകളുടെ വിവാഹാഘോഷത്തെ രണ്ട് നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്ന അവസരമാക്കി മാറ്റിയ അദ്ദേഹത്തിന്റെ പ്രവർത്തനം ചടങ്ങിന് കാരുണ്യത്തിന്റെ സന്ദേശം പകർന്നു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബബിതയാണ് നിസാറുദ്ദീന്റെ ഭാര്യ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button