News

പിഎസ്‌സി ചെയർമാനെ പുറത്താക്കാൻ ശുപാർശ? ഗവർണറുടെ നടപടിയിൽ നിയമോപദേശം തേടാൻ ചെയർമാൻ

തിരുവനന്തപുരം: കേരള മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ പുറത്താക്കൽ ശുപാർശക്കെതിരെ നിയമോപദേശം തേടാൻ പിഎസ്‌സി ചെയർമാൻ ഡോ. എംആർ ബൈജു. ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടന പ്രകാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ നീക്കം.

അതേസമയം, സംസ്ഥാനത്തെ പിഎസ്‌സി പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ (എഎംവിഐ), വില്ലേജ് ഓയിൽ ഇൻസ്‌പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ പരീക്ഷകളുടെ നടത്തിപ്പിൽ ക്രമക്കേടുകൾ നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നടപടി.നാളെ ക്രൈംബ്രാഞ്ച് ഈ മൂന്ന് എഫ്ഐആറുകൾ കൂടി രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം.

നിലവിൽ ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ രണ്ട് ഉദ്യോഗസ്ഥരെ കൂടി ഇന്ന് പ്രതി ചേർത്തു. അഡി. സെക്രട്ടറി ഹരി ആർ, ഡെപ്യൂട്ടി സെക്രട്ടറി സതീഷ് പി എന്നിവരെയാണ് കേസിൽ പ്രതിചേർത്തത്.ഈ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് സ്ഥാനമൊഴിയുന്നതിന് ഒരാഴ്‌ച മുമ്പുതന്നെ കേരള മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ പിഎസ്‌സി ചെയർമാൻ ഡോ എം ആർ ബൈജുവിനെ പുറത്താക്കാൻ രാഷ്‌ട്രപതിക്ക് ശുപാർശ നൽകിയത്.

ഗുരുതരമായ കണ്ടെത്തലുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ പിഎസ്‌സി ചെയർമാനെയും മുഴുവൻ അംഗങ്ങളെയും പുറത്താക്കണമെന്നാണ് രാഷ്‌ട്രപതിക്ക് ശുപാർശ നൽകിയത്.ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കാൻ ഗവർണർക്ക് അധികാരമുണ്ടെങ്കിലും, അവരെ പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള പൂർണ അധികാരം രാഷ്‌ട്രപതിക്ക് മാത്രമാണുള്ളത്. ഗവർണറുടെ ശുപാർശയിൽ രാഷ്‌ട്രപതി ഭവൻ സർക്കാരിനോട് നിർദേശം തേടും.

സർക്കാരിന്റെ തീരുമാനം ഇതിൽ നിർണായകമാകും.ആസൂത്രണബോർഡ് നിയമനത്തട്ടിപ്പിൽ പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ തന്നെ ക്രമക്കേട് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുകയാണ്. ഇതിനിടെ മറ്റ് 12ലേറെ തസ്‌തികകളിൽ അഴിമതി നടന്നിട്ടുണ്ടെന്ന പരാതികൾ ലോക്‌ഭവനിൽ നേരിട്ട് ലഭിച്ചിരുന്നു. ഇതിൽ ക്രൈംബ്രാഞ്ച് കൂടുതൽ അന്വേഷണങ്ങൾക്ക് ഒരുങ്ങുമ്പോഴാണ് ഗവർണറുടെ അസാധാരണ നീക്കം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button