News

മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ പിണറായി വിജയൻ ഹാജരാകില്ലെന്ന് റിപ്പോർട്ട്; സുപ്രീം കോടതിയിൽ ഇന്ന് നിർണായക വാദം

കൊച്ചി: മാസപ്പടി കേസിൽ ചോദ്യംചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ പിണറായി വിജയൻ ഹാജരാകില്ലെന്ന് റിപ്പോർട്ട്. ഇക്കാര്യം ഇഡിയെ ഉടൻ അറിയിക്കുമെന്നാണ് സൂചന. ഒക്ടോബർ 23ന് രാവിലെ 11ന് കൊച്ചിയിലെ ഇഡി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമസഭാ സമ്മേളനവും പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ചുമതലകളും ഹാജരാകാതിരിക്കാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 22 മുതൽ ആരംഭിക്കുന്ന സി.പി.എം സംസ്ഥാന സമിതി യോഗവും കാരണങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടേക്കും. നിലവിൽ ഒക്ടോബർ 29 വരെയാണ് നിയമസഭാ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.

വീട്ടിൽ പതിച്ച നോട്ടീസിൽ കഴിഞ്ഞ പത്തുവർഷത്തെ ആദായനികുതി റിട്ടേണുകൾ, ബാങ്ക് അക്കൗണ്ടുകളുടെയും നിക്ഷേപങ്ങളുടെയും വിവരങ്ങൾ, സ്വത്തുവിവരങ്ങൾ, പാസ്‌പോർട്ട് രേഖകൾ, സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ എന്നിവ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, മാസപ്പടി കേസിൽ പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും. ദസറ അവധിയാണെങ്കിലും കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ഹർജികൾ പരിഗണിക്കുന്നത്.

മൂവർക്കുമെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാൻ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. ഈ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചതോടെയാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

വിജിലൻസ് എഫ്.ഐ.ആറും ഇ.ഡി എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടും (ഇ.സി.ഐ.ആർ) രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അറസ്റ്റിൽനിന്ന് സംരക്ഷണം ലഭിക്കുമോയെന്നതും നിർണായകമാണ്. അറസ്റ്റിന് സാധ്യതയുണ്ടെന്ന് പിണറായി വിജയന്റെ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം പരിഗണിച്ചാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്.

സുപ്രീം കോടതിയുടെ ഇന്നത്തെ തീരുമാനം വിജിലൻസ് അന്വേഷണത്തിന്റെയും ഇ.ഡി നടപടികളുടെയും തുടർനീക്കങ്ങളിൽ നിർണായകമായേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button