ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് പരാതി; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് അടൂർ പൊലീസ്!

പത്തനംതിട്ട: സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിന്റെ പരാതിയിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അടൂർ പോലീസ് കേസെടുത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെ അപകീർത്തിയുണ്ടാക്കുന്ന രീതിയിൽ സംസാരിച്ചതായും തന്റെ പൊതുജീവിതത്തെയും വ്യക്തിജീവിതത്തെയും താഴ്ത്തിക്കെട്ടാൻ ശ്രമിച്ചുവെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്. കെ.പി. ഉദയഭാനു ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തിത്തീർക്കാൻ ലക്ഷ്യമിട്ടാണ് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പോസ്റ്റിട്ടതെന്ന് എഫ്ഐആറിൽ പറയുന്നു. ഉദയഭാനുവിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് കുറിപ്പ്.
അടൂരിലെ പോലീസിനെ നിയന്ത്രിക്കുന്നത് രാഹുൽ മാങ്കൂട്ടത്തിലാണ് എന്ന് ആരോപിച്ച് സിപിഐഎം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടെ, എല്ലാ വാർഡിലും പോലീസിനെതിരെ പ്രതിരോധ സേന രൂപീകരിക്കുമെന്ന് കെ.പി. ഉദയഭാനു പ്രസംഗിച്ചിരുന്നു. ഈ പ്രസംഗത്തെ വിമർശിച്ചുകൊണ്ടായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ രംഗത്തെത്തിയത്. ‘സിപിഐഎം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി ശ്രീ കെ.പി. ഉദയഭാനു എന്ന പാറമടക്കാരുടെ പ്രിയപ്പെട്ട നേതാവിന്റെ ഇന്നലത്തെ പ്രസംഗം കേട്ടു. എണ്ണമറ്റ കയ്യടിക്ക് വേണ്ടി വായിൽ വരുന്നതെല്ലാം പറയുമ്പോൾ സ്വയം മറുപടി പറയേണ്ടി വരുമെന്ന ബോധ്യം ഉണ്ടായിരിക്കുന്നത് നല്ലതാണ്’ എന്ന രീതിയിലായിരുന്നു അവരുടെ ഫേസ്ബുക്ക് കുറിപ്പ്.
അതേസമയം, അടൂരിലെ യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ സംഘർഷവുമായി ബന്ധപ്പെട്ട് ശ്രീനാദേവി കുഞ്ഞമ്മ നടത്തിയ മറ്റൊരു പരാമർശവും നേരത്തെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. ആക്രമിക്കാൻ വരുന്ന ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്ക് മുന്നിൽ കഞ്ചാവ് പൊതിയിട്ടാൽ അതെടുത്ത് അവർ പിന്മാറുമെന്ന തരത്തിലുള്ള അവരുടെ പ്രതികരണം വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം പാർട്ടി നേതാവ് തന്നെ നൽകിയ പരാതിയിൽ കേസെടുത്തിരിക്കുന്നത് ജില്ലയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.




